കുവൈത്ത് സിറ്റി – ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിവാര സീറ്റ് ശേഷി 50 ശതമാനം തോതില്‍ വര്‍ധിപ്പിക്കുന്ന പുതിയ വ്യോമയാന കരാറില്‍ കുവൈത്തും ഇന്ത്യയും ഒപ്പുവെച്ചു. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയുമാണ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പുതിയ കരാർ ഇരു ദിശയിലേക്കും ആഴ്ചയില്‍ 18,000 സീറ്റ് ശേഷിയില്‍ സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികളെ അനുവദിക്കുന്നു. മുന്‍ പരിധി 12,000 സീറ്റ് വരെ ആയിരുന്നു. 2006 ല്‍ 8,320 സീറ്റുകളില്‍ നിന്ന് പ്രതിവാര സീറ്റ് ശേഷി ഉയര്‍ത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന അവകാശങ്ങളുടെ ആദ്യ വിപുലീകരണമാണിത്.
സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും തന്ത്രപരമായ പങ്കാളിത്തവും വര്‍ധിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ദീര്‍ഘകാലമായി കാത്തിരുന്ന ഈ കരാര്‍ ഒപ്പുവെച്ചതെന്ന് ശൈഖ് ഹമൂദ് അല്‍സ്വബാഹ് പറഞ്ഞു. യാത്രക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിലും വ്യോമയാന വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കരാര്‍ ഇരു രാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് ശൈഖ് ഹമൂദ് അല്‍സ്വബാഹ് പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ ആവശ്യത്തില്‍ കുത്തനെ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് സീറ്റ് ശേഷി ഉയര്‍ത്തുന്ന പുതിയ കരാര്‍ ഒപ്പുവെച്ചത്. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സീറ്റ് ശേഷികള്‍ ഏതാനും മാസങ്ങളായി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നു. നിലവില്‍, കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ ഇന്ത്യ-കുവൈത്ത് റൂട്ടില്‍ പ്രതിദിനം 40 ഓളം വിമാന സര്‍വീസുകള്‍ നടത്തുന്നു. കുവൈത്ത്-ഇന്ത്യ ഇടനാഴിയില്‍ സര്‍വീസ് നടത്തുന്ന രണ്ട് പ്രധാന വിമാന കമ്പനികളാണ് കുവൈത്ത് എയര്‍വേയ്സും ഇന്‍ഡിഗോയും. കുവൈത്ത് എയര്‍വേയ്സ് 54 പ്രതിവാര വിമാന സര്‍വീസുകളുമായി മുന്നിലാണ്. തൊട്ടുപിന്നാലെ 36 വിമാന സര്‍വീസുകളുമായി ഇന്‍ഡിഗോ രണ്ടാം സ്ഥാനത്താണ്.
പുതിയ കരാര്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ വിമാന കമ്പനികള്‍ കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍ഡിഗോ പ്രതിവാരം 5,000 സീറ്റുകള്‍ കൂടി അധികമായി നേടാന്‍ ശ്രമിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസും ആകാശ എയറും 3,000 സീറ്റുകള്‍ വീതം അഭ്യര്‍ഥിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ തങ്ങളുടെ സീറ്റ് ശേഷിയില്‍ 1,500 സീറ്റുകളുടെ വര്‍ധന വരുത്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൂടുതല്‍ ഉഭയകക്ഷി വ്യോമ അവകാശങ്ങള്‍ക്കായുള്ള കുവൈത്തിന്റെ ദീര്‍ഘകാല അഭ്യര്‍ഥനക്കുള്ള പ്രതികരണമായാണ് പുതിയ കരാര്‍. ദുബായില്‍ അടക്കം ഗള്‍ഫ് മേഖലയിലുടനീളം ദൃശ്യമായ വിശാലമായ വ്യോമയാന പ്രവണതകള്‍ക്ക് അനുസൃതമായ ഒരു നീക്കമാണിത്. ദുബായിക്കും ഇന്ത്യക്കുമിടയില്‍ യാത്രാ ആവശ്യം വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
വിപുലീകരിച്ച സീറ്റ് ശേഷിയിലുള്ള വിമാന സര്‍വീസുകള്‍ 2025 ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സമയ സ്ലോട്ടുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ഏകോപനം നടത്തും. ഉയര്‍ന്ന ഡിമാന്റ് ഉള്ള ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തുടക്കത്തില്‍ മുന്‍ഗണന നല്‍കും. വര്‍ധിപ്പിച്ച സീറ്റ് ശേഷി അനുവദിക്കാനും നിയന്ത്രണ അനുമതികള്‍ നല്‍കാനുമായി ജൂലൈ 21 നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.