ചെന്നൈ– മയക്കുമരുന്ന് കേസിൽ നടന്മാരായ ശ്രീകാന്തിനും കൃഷ്ണക്കും ഉപാധികളോടെ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈകോടതി. ജാമ്യത്തിനായി 10,000 രൂപ കെട്ടിവെക്കാനും അതേതുകക്ക് തത്തുല്യമായ രണ്ട് പേരുടെ ആൾജാമ്യവും കോടതി വ്യവസ്ഥചെയ്തിട്ടുണ്ട്. മറ്റൊരു നോട്ടീസ് ഉണ്ടാകുന്നതുവരെ ഇരുവരോടും ദിവസവും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാനും കോടതി നിർദേശിച്ചു.
പിടിയിലാവുമ്പോൾ ശ്രീകാന്തിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ടായിരുന്നില്ലെന്നും, കൃഷ്ണ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. എന്നാലും, എൻഡിപിഎസ് പ്രത്യേക കോടതി ഇരുവരെയും ജാമ്യഹർജി തള്ളിയിരുന്നു.
ജൂൺ 23 ന് ശ്രീകാന്തും 26 ന് കൃഷ്ണയും കസ്റ്റഡിയിലായി. മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രദീപ് കുമാർ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്. ഇരുവരിൽ നിന്നും എത്ര അളവിൽ മയക്കുമരുന്ന് കണ്ടെടുത്തു എന്ന ചോദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് നിർമൽ കുമാർ ഉന്നയിച്ചിട്ടുണ്ടായിരുന്നു. കൊലപാതകശ്രമവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിതരണത്തെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തിൽ നിന്നാണ് അറസ്റ്റുകൾ ഉണ്ടായതെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.