കൊൽക്കത്ത– ഇരുപത് വയസുകാരിയായ യുവതിയെ ജന്മദിനത്തിൽ രണ്ട് സുഹൃത്തുക്കൾ ബലാത്സംഗം ചെയ്തതായി പരാതി. കൊൽക്കത്ത റീജന്റ് പാർക്ക് പ്രദേശത്താണ് സംഭവം. പ്രതികളായ ചന്ദൻ മാലിക്കും ദീപും സംഭവത്തിനു ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഹരിദേവ്പൂർ സ്വദേശിനിയായ യുവതിയെ സെപ്തംബർ 6ന് പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന സുഹൃത്ത് ചന്ദൻ മാലിക് ദീപിന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണ ശേഷം അവിടെ നിന്ന് മടങ്ങിപ്പോവാൻ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്യുകയായരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നടന്ന സംഭവം കുടുംബാംഗങ്ങളോട് വിവരിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പാണ് ഇവർ ചന്ദൻ മാലിക്കിനെ പരിചയപ്പെട്ടത്. തെക്കൻ കൊൽക്കത്തയിലെ ഒരു വലിയ ദുർഗാ പൂജാ കമ്മിറ്റിയുടെ തലവനായിട്ടാണ് ചന്ദൻ സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇയാൾ വഴിയാണ് ദീപിനെയും പരിചയപ്പെട്ടത്. മൂന്ന് പേരും നല്ല സൗഹൃദത്തിലായിരുന്നുവെന്നും യുവതിയെ പൂജാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഒളിവിൽ പോയ പ്രതികൾക്കായി അന്യേഷണം ആരംഭിച്ചു.