കൊൽക്കത്ത– ലോ കോളജ് ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് 58ാം ദിവസം സമർപ്പിച്ച 650 പേജുള്ള കുറ്റപത്രത്തിൽ പ്രതി വിദ്യാർഥിനിയുടെ ഒന്നിലധികം ദൃശ്യങ്ങൾ പകർത്തിയെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പറയുന്നു. പ്രധാന പ്രതി മനോജ് മിശ്ര(31)ക്കു പുറമെ നിയമ വിദ്യാർഥികളായ സൈബ് അഹമ്മദ്(19) പ്രമിത് മുഖർജി(20) സെക്യൂരിട്ടി ജീവനക്കാരനായ പനാകി ബാനർജി(51) എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിൻഎ ഫോറൻസിക് സാംപിളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ അതിജീവിതയെ ഭീഷണിപ്പെടുത്താനുള്ള വീഡിയോ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരൻ മറ്റാരെയും അറിയിക്കാതെ ഗാർഡ് റൂം പൂട്ടിയെന്നും, സംഭവ സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷനും കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. കൂട്ട ബലാത്സംഗ കുറ്റമടക്കം ഉൾപ്പെടുത്തി സമർപ്പിച്ച ചാർജ് ഷീറ്റ് പ്രകാരം മനോജ് മിശ്രക്ക് 20 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
2025 ജൂൺ 25ന് ലോ കോളജിൽ വെച്ച് പ്രണയം നിരസിച്ചതിന് പ്രതികാരമായി കൂട്ട ബലാത്സംഗം ചെയ്തതായി അതിജീവിത പരാതി നൽകുകയായിരുന്നു. മൂന്ന് പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലാവുന്നത്. സുരക്ഷാ ചുമതലയുള്ള ജീവനക്കാരൻ പീഡന വിവരം അറിഞ്ഞിട്ടും റൂം പൂട്ടിയെന്ന് കണ്ടെത്തിയതോടെ കേസിൽ ഇയാളെയും പ്രതി ചേർക്കുകയായിരുന്നു. കുറ്റപത്രത്തിൽ ഡിഎൻഎ റിപ്പോർട്ടുകളും, മെഡിക്കൽ പരിശോധനകളും, ഫോറൻസിക് ടെസ്റ്റുകളും 80 ആളുകളുടെ മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് അലൈപോരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പിൽ നിരവധി രേഖകളും പെൻഡ്രൈവറും അടങ്ങിയ കുറ്റപത്രം സമർപ്പിച്ചത്.