- ഡൽഹിയിൽ എ.എ.പിയുടെ നിർണായക നിയമസഭാ കക്ഷിയോഗം
ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ അഗ്‌നിശുദ്ധി വരുത്താനായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനക്ക് വൈകുന്നേരം രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.
ഡൽഹി മദ്യനയക്കേസിൽ ആറുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച് പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ് താൻ മുഖ്യമന്ത്രി പദവി രണ്ടുദിവസത്തിനകം രാജിവെക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചത്. രാജി പ്രവർത്തകർ നിരാകരിച്ചെങ്കിലും, അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളുമായി അധികാരത്തിലെത്തിയ പാർട്ടിക്കും മുഖ്യമന്ത്രിക്കും പ്രതിച്ഛായ വീണ്ടെടുപ്പിന് ഈ രാജി പ്രധാനമാണെന്നാണ് കരുതുന്നത്. ഇതേ തുടർന്ന് കെജ്രിവാളിന്റെ പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിട്ട കൂടിയാലോചനകളും ചർച്ചകളും തുടരുകയാണ്.
ഇന്ന് രാവിലെ 11.30-ഓടെ ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമ പരിഗണനയിൽ ആറു പേരുണ്ടെങ്കിലും മന്ത്രി അതിഷി മർലേന മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണെന്നാണ് റിപോർട്ടുകൾ.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, അദ്ദേഹം കെജ്രിവാളിന്റെ വഴിയെ ജനവിധി തേടാനുള്ള ഒരുക്കത്തിലുമാണ്. മന്ത്രി അതിഷിക്കു പുറമേ, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, പാർട്ടി സ്ഥാപക നേതാവ് ഗോപാൽറായ്, ദലിത് വനിതാ മുഖമായ രാഖി ബിർള, രാജ്യസഭാ എം.പിമാരായ രാഘവ്ച്ഛദ്ദ, സഞ്ജയ്‌സിങ്ങ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. കെജ്രിവാളിന്റെ ഭാര്യ ഡോ. സുനിത കെജ്രിവാളിന്റെ പേരും പരിഗണനയിൽ വന്നെങ്കിലും കൂടുതൽ ആരോപണങ്ങൾക്കു ഇടയാക്കുമെന്നതിനാൽ കെജ്രിവാൾ നിർദേശത്തിന് വഴങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.
നിർദേശിക്കപ്പെട്ടവരെല്ലാം വിവിധ തലങ്ങളിൽ കഴിവും പ്രാഗത്ഭ്യവും പിന്തുണയും തെളിയിച്ചവരാണെങ്കിലും മന്ത്രി അതിഷിയുടെ പേരിനാണ് കൂടുതൽ സാധ്യത തെളിയുന്നത്. കെജ്രിവാൾ ജയിലിലായിരുന്നപ്പോൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെയായിരുന്നു. അന്ന് മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നുവെന്നും സാധ്യത കൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചരണം നയിച്ചിരുന്നത് കെജ്രിവാളിന്റെ ഭാര്യ സുനിതയായിരുന്നുവെന്നും രാജിയിലൂടെ സുനിതയുടെ രംഗപ്രവേശം ഉണ്ടാകുമോ എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല. എന്തായാലും അട്ടിമറികൾ സംഭവിച്ചില്ലേൽ അതിഷി തന്നെ മുഖ്യമന്ത്രിയായേക്കും. അങ്ങനെ വന്നാൽ ഡൽഹി ഭരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിനും കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്തിനും പിന്നാലെയുള്ള പുതിയ വനിതാ മുഖമാവും ഇവർ.