ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ രാജ്യം ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സഖ്യകക്ഷികളെ ഒപ്പംനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചു. എന്‍ഡിഎ സഖ്യത്തില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ഥിച്ച മോദിയോട് മുന്നണി വിടില്ലെന്ന് നായിഡു ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ എന്‍ഡിഎ സഖ്യത്തിലാണെങ്കിലും നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യാ സഖ്യവും ശ്രമങ്ങള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍.
ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നിൽ.
ഇതിൽ 125 സീറ്റുകൾ നേടിക്കൊണ്ട് ടിഡിപി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. 17 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.



