ബെംഗളൂരു: കർണ്ണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ ഞായറാഴ്ച ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 68 വയസ്സായിരുന്നു. ശരീരമാസകലം മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. മൃതദേഹം കണ്ടെത്തിയ മുറിയിലാകെ രക്തം തളംകെട്ടി കിടക്കുന്ന നിലയിലാണ്.
ഓം പ്രകാശിന്റെ ഭാര്യ പല്ലവിയാണ് മൃതദേഹത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. പല്ലവിയെയും മകളെയും പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങി.ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള തന്റെ മൂന്ന് നില വീടിന്റെ താഴത്തെ നിലയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കൊലപാതകത്തിൽ കുടുംബാംഗത്തിൽ ഒരാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതശരീരം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
1981 ബാച്ചിലെ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 2015 മാർച്ചിലാണ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി നിയമിതനായത്. നേരത്തെ, ഫയർ ആന്റ് എമർജൻസി സർവീസസ്, ഹോം ഗാർഡുകൾ എന്നിവയുടെ തലവനായും സേവനം അനുഷ്ഠിച്ചു.