ഹൈദരാബാദ്- പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കൊപ്പം ഹൃദയം ചേർത്ത് ഒരു കളക്ടർ നിന്നപ്പോൾ ഉദ്യോഗസ്ഥരും നാടും അതേറ്റെടുത്തു. ഇന്ന് നടന്ന 79ാം ഇന്ത്യൻ സ്വാതന്ത്ര്യദിനാചാരണ ചടങ്ങിലാണ് ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച് കരിം നഗർ ജില്ലാ കളക്ടർ പമേല സത്പതി ശ്രദ്ധിക്കപ്പെട്ടത്. ബധിരതയും കേൾവിക്കുറവുമുള്ള പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കൊപ്പമാണ് കളക്ടറും മറ്റു അധികൃതരും കരിംനഗർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് ആംഗ്യഭാഷയിൽ ദേശീയഗാനമാലപിച്ചത്. അഡീഷണൽ കളക്ടർ അശ്വിനി തനാജി വകാഡെ, മുനിസിപ്പൽ കമ്മീഷണർ പ്രപുൽ ദേശായി എന്നിവരും ഇതിൽ പങ്കെടുത്തു.
പലപ്പോഴും വ്യത്യസ്തമായി ചിന്തിക്കുകയും ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും വികസനത്തിലും പൊതുജനക്ഷേമത്തിലും വേറിട്ട മുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് പമേല സത്പതി. കരിം നഗർ ജില്ലാ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ആംഗ്യഭാഷയുടെ അടിസ്ഥാനകാര്യങ്ങളിൽ പ്രത്യേക പരിശീലനവും നൽകിയിരുന്നു. വൈകല്യമുള്ള സമൂഹത്തിന്റെ ആശങ്കകൾ മനസ്സിലാക്കാനും അഭിസംബോധന ചെയ്യാനും അവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ബോധ്യപ്പെടാൻ ഒരാഴ്ച നീണ്ടുനിന്ന ഈ പരിശീലനം അവരെ സഹായിച്ചു.
ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച കരിം നഗർ ജില്ലാ കളക്ടർ പമേലയുടെ നടപടി ജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി. സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടു.