ന്യൂഡൽഹി– ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മനപൂർവം ദരിദ്രരായ ആളുകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബീഹാറിൽ 61 ശതമാനമാണ് സാക്ഷരത നിരക്ക്. അവരോടാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 11 രേഖകൾ ഹാജരാക്കാൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 11 വർഷത്തോളമായുള്ള ഭരണകൂടത്തിന്റെ പരാജയങ്ങൾ മറക്കാനാണ് വോട്ടുകൊള്ളയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് ഉദ്ഘാടനം വേദിയിൽ ‘ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
മാഹാരാഷ്ട്രയിൽ ജയിക്കാൻ അനധികൃതമായി ആളെ ചേർക്കുകയും ബീഹാറിൽ തോൽക്കാതിരിക്കാൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും, ദരിദ്രരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിൽ ബ്ലോക്ക് ഓഫീസർമാരുടെ പങ്കും അദ്ദേഹം ചോദ്യം ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും ഭരണഘടനാ സംരക്ഷണത്തിലും മുസ്ലിം ലീഗിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.