ചണ്ഡീഗഡ്- നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്തിനെ ചണ്ഡീഗഡ് വിമാനതാവളത്തിൽ വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥ മുഖത്തടിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) വനിതാ ഉദ്യോഗസ്ഥയാണ് അടിച്ചത്.
സെക്യൂരിറ്റി ചെക്കിംഗിനിടെ തൻ്റെ ഫോൺ ട്രേയിൽ വെക്കാൻ കങ്കണ വിസമ്മതിച്ചതോടെ ഉടലെടുത്ത വാക്കുതർക്കം അടിയിൽ കലാശിക്കുകയായിരുന്നു. മാണ്ഡിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കങ്കണ ദൽഹിയിലേക്കുള്ള യാത്രക്കാണ് വിമാനതാവളത്തിൽ എത്തിയത്.
കോൺസ്റ്റബിൾ റാങ്കിലുള്ള സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണം നടത്താൻ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കങ്കണ എയർപോർട്ട് ഫോഴ്സിന് പരാതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.