തിരുവനന്തപുരം– ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗറും ഇൻഫ്ലുവൻസറുമായ ജ്യോതി മൽഹോത്ര വന്ദേഭാരത് ഉദ്ഘാടന വേളയിൽ യാത്ര ചെയ്തത് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനൊപ്പം. ജ്യോതി മൽഹോത്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് നിലവിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
2023-ൽ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ഇവർ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്തതായാണ് ലഭിക്കുന്ന വിവരം. ഉദ്ഘാടന യാത്രയിൽ അന്നത്തെ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡൻറമായ വി. മുരളീധരനും ഉണ്ടായിരുന്നു. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും വീഡിയോയിൽ കാണാനാകും. ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ ബിജെപി നേതൃത്വം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ജ്യോതി മൽഹോത്ര പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നത്.
ടൂറിസം വകുപ്പ് ക്ഷണിച്ച 41 പേരിൽ ഒരാളായിട്ടാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തുന്നത്. കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലായി ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ യാത്ര ചെയ്തതായും വിവരാവകാശ നിയമം വഴി പുറത്തായതോടെയാണ് ജ്യോതി മൽഹോത്ര വീണ്ടും ചർച്ചയിലേക്കെത്തുന്നത്. ഇത്തരം അനാവശ്യ ചർച്ചകൾ കേരളത്തിന്റെ ടൂറിസം വളർച്ചയെ ബാധിക്കുമെന്നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തോട് പ്രതികരിച്ചത്.