ശ്രീനഗർ– ബന്ദിപുര ജില്ലയിലെ നിയന്ത്രണ രേഖ പങ്കിടുന്ന ഖുറേസ് താഴ്വരയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു. പുലർച്ചെ നടത്തിയ തിരച്ചിലിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം കണ്ടെത്തി. ജമ്മുകശ്മീർ പോലീസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യുവുമായി സഹകരിച്ച് ആരംഭിച്ച ഓപറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്. തീവ്രവാദികൾ ഇങ്ങോട്ട് വെടിയുതിർത്തതായും ഇന്ത്യൻ സൈന്യം എക്‌സിൽ കുറിച്ചു.
ആഗസത് ഒന്നു മുതൽ കുൽഗാമിലെ അഖാൽ വനമേഖലയിൽ ആരംഭിച്ച അഖാൽ കൗണ്ടർ ടെറർ ഓപറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഓപറേഷൻ അഖാലിന്റെ ഭാഗമായി ഇതുവരെ ആറു ഭീകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ ഇ ത്വയ്ബയുടെയും, പ്രാദേശിക തീവ്രവാദ സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടിന്റെയും (ടിആർഎഫ്) ഭാഗമായിരുന്നവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പഹൽഗാം ഭീകരണാക്രമത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആർഎഫ് ഏറ്റെടുത്തിരുന്നു.