ദിയോഘർ– ശിവഭക്തരായ കൻവാരിയകൾക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് ആറ് കൻവാരിയകൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം സംഭവിച്ചത് എന്ന് പോലീസ് പറയുന്നു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ നിന്ന് യാത്രക്കാരുമായി വന്ന ബസും പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കും കൂട്ടിയിടിച്ചതിനെ തുടർന്നാണ് ആറ് കൻവാരിയകൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
“ദിയോഘറിലെ ജമുനിയ ചൗക്കിൽ ഉണ്ടായ അപകടത്തിൽ ആറ് ഭക്തർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 24 പേരിൽ എട്ട് പേരെ ദിയോഘറിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി, ബാക്കിയുള്ളവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്,” ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ നമൻ പ്രിയേഷ് ലക്ര പറഞ്ഞു. കൻവാരിയകൾ സഞ്ചരിച്ചിരുന്ന ബസ് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി നേർക്കുനേർ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് ദുംക സോണിലെ ഇൻസ്പെക്ടർ ജനറൽ ശൈലേന്ദ്ര കുമാർ സിൻഹ പിടിഐയോട് നേരത്തെ പറഞ്ഞിരുന്നു.
ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്. അപകടത്തിൽ ബസിന് കാര്യമായ കേടുപാടുണ്ടായെന്നും ഐജി പറഞ്ഞു.
എന്നാൽ, അപകടത്തിൽ ആറുപേരല്ല 18 പേരാണ് മരിച്ചത് എന്ന് എംപി നിഷികാന്ത് ഡൂബെ തന്റെ എക്സ് പോസ്റ്റിലൂടെ കുറിച്ചു. “എന്റെ ലോക്‌സഭാ മണ്ഡലത്തിലെ ദിയോഘറിൽ ശ്രാവണ മാസത്തിൽ കൻവാർ യാത്രയ്ക്കിടെയുണ്ടായ ബസ്-ട്രക്ക് അപകടത്തിൽ പതിനെട്ട് ഭക്തർ മരിച്ചു. ബാബ ബൈദ്യനാഥ് ജി അവരുടെ കുടുംബങ്ങൾക്ക് നഷ്ടം താങ്ങാൻ ശക്തി നൽകട്ടെ,” ഡൂബെ കുറിച്ചു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിന് ശേഷം ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൻവാരിയകൾ ബസുകിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണെന്ന് ദിയോഘർ സബ് ഡിവിഷണൽ ഓഫീസർ രവി കുമാർ പറഞ്ഞു.
ദിയോഘർ സിവിൽ സർജന്റെ അഭിപ്രായത്തിൽ, മരിച്ചവരിൽ ബസ് ഡ്രൈവർ സുഭാഷ് തുരി, ഗയയിൽ നിന്നുള്ള സുമൻ കുമാരി, പിയൂഷ്, വൈശാലി, ദുർഗ്ഗാവതി ദേവി, ബെട്ടിയയിൽ നിന്നുള്ള ജാനകി ദേവി എന്നിവരും ഉൾപ്പെടുന്നു.