കണ്ണൂർ- ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ. സാധാരണ വിവിധ മേഖലയിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രാവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും എന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
ആർഎസ്എസ് ബോംബേറിൽ കാൽ നഷ്ടപ്പെട്ട ഡോ.അഷ്നയുടെ വിവാഹം നടന്നത് കഴിഞ്ഞ മാസമാണെന്നു വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യുഡിഎഫ് നേതാക്കളോ മാധ്യമങ്ങളോ ആർഎസ്എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല എന്നും പി ജയരാജൻ കുറിച്ചു.
സിപിഎം ബോംബേറിൽ കാൽ രണ്ടും നഷ്ടപ്പെട്ട വ്യക്തിയാണ് സി സദാനന്ദൻ. നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ സദാനന്ദനെ രാഷ്ട്രപതിയാണ് രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്തത്. പ്രത്യേകമായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കാത്ത ഒരാളെ രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്തതിലുള്ള ചേതോവികാരം ചോദ്യം ചെയ്താണ് ജയരാജൻ വിമർശനം ഉന്നയിച്ചത്.