ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ലഫ്. ഗവര്‍ണര്‍ക്ക് അഞ്ചു പേരെ നാമനിര്‍ദേശം ചെയ്ത് എംഎല്‍എമാരാക്കാനുള്ള അധികാരത്തെ ചൊല്ലി വിവാദം. ഗവര്‍ണര്‍ക്ക് ഇത്തരമൊരു അസാധാരണ അധികാരം നല്‍കുന്നത് ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതു ബിജെപിക്കെ ഗുണം ചെയ്യൂവെന്നും ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവര്‍ വോട്ടെണ്ണല്‍ ദിവസം ഈ വിഷയം ഉന്നയിച്ചു രംഗത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ ഭയം വര്‍ധിപ്പിച്ചിട്ടുണ്ട്. തൂക്കുസഭ വരുമെന്നും കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം മുന്നിലെത്തുമെന്നുമൊക്കെ ആയിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഫലം ബിജെപിക്ക് പ്രതികൂലമാണ്. ലഫ്. ഗവര്‍ണറുടെ അധികാരം പ്രയോഗിച്ച് അഞ്ചു പേരെ എംഎല്‍എമാരാക്കിയാലും ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
അഞ്ച് എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്. ഗവര്‍ണറുടെ അധികാരം ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള വളഞ്ഞ വഴിയെന്നാണ് മറ്റെല്ലാ പാര്‍ട്ടികളും പറയുന്നത്. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മണ്ഡല പുനര്‍നിര്‍ണയമാണ് ഇതിനുള്ള കളമൊരുക്കിയത്. ജമ്മു മേഖലയില്‍ 37 സീറ്റുകളാണ് മണ്ഡലപുനര്‍നിര്‍ണയത്തിനു മുമ്പുണ്ടായിരുന്നത്. ഇതിപ്പോള്‍ 43 ആക്കി ഉയര്‍ത്തി. കശ്മീര്‍ മേഖലയില്‍ 47 സീറ്റുകളാണുള്ളത്. ബിജെപിക്ക് ശക്തിയുള്ള ജമ്മു മേഖലയിലെ 43 സീറ്റുകളും ലഭിക്കുകയാണെങ്കില്‍ കശ്മീരിനെ മറികടക്കാന്‍ അഞ്ച് പുതിയ എംഎല്‍എമാരെ കൂടി ലഫ്. ഗവര്‍ണര്‍ക്ക് നാമിര്‍ദേശം ചെയ്യാം. അതുവഴി അംഗബലം 48 ആക്കി ഉയര്‍ത്തി ബിജെപിക്ക് അധികാരം ഉറപ്പിക്കാനാകും. കശ്മീരിലെ ഭൂരിപക്ഷത്തെ മറികടക്കാനുള്ള കുറുക്കുവഴിയാണിത്. പക്ഷെ ജനവിധി മറിച്ചാണ് വന്നിരിക്കുന്നത്.
ബിജെപി ഒറ്റയ്ക്കാണ് ഇത്തവണ ജമ്മു കശ്മീരില്‍ മത്സരിക്കുന്നത്. ആദ്യമായാണിത്. 2014ലെ തിരഞ്ഞെടുപ്പിനു ശേഷം പിഡിപിയോട് സഖ്യം ചേര്‍ന്നാണ് ബിജെപി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 2018ല്‍ സഖ്യം പൊളിഞ്ഞു. തൊട്ടടുത്ത വര്‍ഷം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരിന് ഭരണഘടന അനുവദിക്കുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഇതിനു ശേഷം പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.