ന്യൂഡല്‍ഹി– പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണത്തില്‍ ഭീകരന്‍ മസൂദ് അസദിന്റെ കുടുംബത്തിലെ പത്ത് പേരും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനാണ് മസൂദ് അസ്ഹര്‍. മസൂദിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, മരുമകളും അഞ്ച് കുട്ടികളുമടക്കം ആകെ 14 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുടുംബത്തിന് പുറമെ മൂന്ന് കൂട്ടാളികളും, അതിലൊരാളുടെ മാതാവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കാമ്പുകള്‍ ആക്രമിച്ച് 70ഓളം ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. 25 മിനിറ്റിനുള്ളില്‍ 24 മിസൈലുകളാണ് ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യന്‍ കരസേന, നാവികസേന വ്യോമസേന, എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. മുറിദ്‌കെ, ബവഹല്‍പൂര്‍, കോട്‌ലി, ഗുല്‍പൂര്‍, ഭീംബര്‍, ചക് അമ്രു, സിയാല്‍കോട്ട്, മുസഫറാബാദ്, എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ-ഇ-മുഹമ്മദും ലഷ്‌കറലി-ഇ-തൊയ്ബയും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് തകര്‍ത്തത്.