ശ്രീഹരിക്കോട്ട – നാഴികക്കല്ലാകുന്ന മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ സി.എം.എസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഞായറാഴ്ച വൈകീട്ട് 5.26 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് സിഎംഎസ് 03 കുതിച്ചുയർന്നത്. ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയതും പുതിയ തലമുറ വിക്ഷേപണ വാഹനവുമായ എൽ.വി.എം-3 എം5 റോക്കറ്റ് ആണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്. ‘ബാഹുബലി’ എന്ന വിളിപ്പേരിലാണ് ഈ റോക്കറ്റ് അറിയപ്പെടുന്നത്.
4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത് കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. 2023-ൽ ചന്ദ്രയാൻ-3 ദൗത്യത്തിന് ഉപയോഗിച്ചതും എൽ.വി.എം-3 റോക്കറ്റായിരുന്നു ഇതുവരെ നടത്തിയ എട്ട് എല്‍വിഎം 3 വിക്ഷേപണങ്ങളെല്ലാം വിജയകരമായിരുന്നു. 100 ശതമാനം വിജയശതമാനമുള്ള റോക്കറ്റ് എന്ന നേട്ടവും ഇതിനകം ബാഹുബലി കൈവരിച്ചിട്ടുണ്ട്.



