ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പലില്‍ മൂന്നംഗ അക്രമി സംഘം 27കാരിയായ ഇസ്രായിലി ടൂറിസ്റ്റിനേയും ഹോംസ്്‌റ്റേ ഉടമയായ 29കാരിയേയും കൂട്ടബലാല്‍സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കനാല്‍ തീരത്ത് വാനനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു യുവതികള്‍ ഉള്‍പ്പെട്ട ടൂറിസ്റ്റ് സംഘം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് ടൂറിസ്റ്റുകളെ അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടു. ഇവരില്‍ യുഎസുകാരനായ ഡാനിയല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള പങ്കജ് എന്നിവര്‍ കരയ്ക്കു കയറി. ഒഡിഷ സ്വദേശി ബിബാഷിനെ കണ്ടെത്താനായിട്ടില്ല. അക്രമി സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കാണാതായ വിനോദ സഞ്ചാരിക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നു.
ബലാത്സംഗത്തിന് ഇരയായ യുവതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോംസ്റ്റേ ഉടമയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. നാലു ടൂറിസ്റ്റുകളേയും കൂട്ടി തുംഗഭദ്ര ലെഫ്റ്റ് കനാല്‍ തീരത്ത് നക്ഷത്ര നിരീക്ഷണത്തിന് എത്തിയതായിരുന്നു ഇവരെന്ന് പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ പ്രതികള്‍ ആദ്യ ഇവരോട് പെട്രോള്‍ പമ്പ് എവിടെയെന്ന് അന്വേഷിച്ചു. പിന്നീട് ടുറിസ്റ്റുകളില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നിരസിച്ചതോടെ ഇവര്‍ ആക്രമിക്കുകയായിരുന്നു. രണ്ടു യുവതികളെ ബലാല്‍സംഗം ചെയ്യുകയും മറ്റുള്ളവരെ കനാലിലേക്ക് തള്ളിയിടുകയും ചെയ്ത ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.