ന്യൂ ഡൽഹി– നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2025-26 സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്)യും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ)യും തമ്മിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. അതിന് മുമ്പ്, സെപ്റ്റംബറിൽ തന്നെ സൂപ്പർ കപ്പ് സംഘടിപ്പിക്കാൻ ഉള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്.
നിയമപരമായ വെല്ലുവിളികളും കരാർ ചർച്ചകളിലെ പ്രശ്നങ്ങളും കാരണം ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതമായിരുന്ന സാഹചര്യത്തിൽ, ഈ പുതിയ നടപടി ആരാധകർക്കും കളിക്കാർക്കും ആശ്വാസമായിരിക്കുകയാണ്. പ്രധാന കരാറിന്റെ ഭാഗമായി എഐഎഫ്എഫിന് ₹12.5 കോടി നൽകേണ്ട അവസാന തുകയും എഫ്എസ്ഡിഎൽ അടയ്ക്കാൻ തീരുമാനിച്ചു. സൗഹാർദ്ദപരമായ ചർച്ചകൾക്ക് ശേഷം രൂപപ്പെട്ട ഈ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെടും. കോടതി അംഗീകാരം നൽകിയാൽ, ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച നിലവിലെ എല്ലാ ആശങ്കകൾക്കും അവസാനമാകും.