സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയുടെ ഷെൽ കമ്പനിക്ക് പങ്കെന്ന് റിപോർട്ടുകൾ
ബെയറൂട്ട്/ന്യൂഡൽഹി: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഒട്ടേറെ ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ച പൊട്ടിത്തെറിച്ച പേജറുകൾ വാങ്ങിച്ചത് വയനാട് സ്വദേശിയായ മലയാളിയുടെ ഷെൽ കമ്പനിയിൽ നിന്നാണെന്നാണ് റിപോർട്ട്.
നോർവെ പൗരത്വമുള്ള വയനാട് സ്വദേശിയായ റിൻസൺ ജോസി(39)ന്റേതാണ് ഈ ഷെൽ കമ്പനിയെന്നും സ്‌ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നുമാണ് റിപോർട്ടുകൾ. നോർവെയിൽ താമസിക്കുന്ന ഇയാൾ 2015-ൽ ലണ്ടനിൽനിന്നാണ് ഇവിടെ എത്തിയതെന്ന് നോർവീജിയൻ മാധ്യമങ്ങൾ പറയുന്നു. ബൾഗേറിയയിലാണ് ഈ ഷെൽ കമ്പനി പ്രവർത്തിക്കുന്നതെന്നും റിൻസൺ ജോസിനായുള്ള അന്വേഷണം തുടരുകയാണെന്നും റിപോർട്ടുകളിലുണ്ട്.
പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപോർട്ടുകളിലുള്ളത്. ലബനനിലെ പേജർ സ്‌ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. റിൻസൺ ജോസിന്റെറ നോർട്ട ഗ്‌ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്കുള്ള വിവരം. സ്‌ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഹിസ്ബുല്ല പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്തുവന്നത്. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തൽ.
സാമ്പത്തിക ഇടപാടുകൾക്കപ്പുറം സ്‌ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. പേജറുകൾ നിർമിച്ചതിലോ സ്‌ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായും തെളിവില്ല. രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമിച്ചുവെന്നത് ഇപ്പോഴും ദുരൂഹമായ് നിൽക്കുന്നു. എന്തായാലും ലഭ്യമായ വിവരങ്ങളെല്ലാം യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയ്ക്കും കൈമാറിയതായാണ് വാർത്താ റിപോർട്ടുകൾ.
ഗോൾഡ് അപ്പോളോ എന്ന തായ്‌വാൻ കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ, തങ്ങൾ പേജറുകൾ നിർമിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഹംഗേറിയൻ കമ്പനിയായ ബി.എ.സിക്ക് നൽകിയെന്നുമാണ് തായ്‌വാൻ കമ്പനിയുടെ വെളിപ്പടുത്തൽ. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായുള്ള അന്വേഷണത്തിൽ, തങ്ങൾ പേജറുകൾ ഉണ്ടാക്കിയിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകിയതായും ഹംഗേറിയൻ കമ്പനി മറുപടി നൽകുകയുണ്ടായി. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്ന് ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും നീളുന്നത്. ബി.എ.സിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിന്റെ സ്ഥാപനങ്ങൾ വഴിയാണെന്നാണ് പറയുന്നത്.
നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന മലയാളിയായ റിൻസൺ തന്റെ കമ്പനികൾ രജിസ്റ്റർ ചെയ്തത് ബൾഗേറിയയിലാണ്. നോർവേയിലെ ഡി.എൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ ഇയാൾ ജോലി ചെയ്യുന്നതായും പറയുന്നുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം.
ചൊവ്വാഴ്ചയാണ്. വയർലെസ് കമ്മ്യൂണിക്കേഷൻ ഡിവൈസായ ആയിരക്കണക്കിന് പേജർ ഉപകരണങ്ങൾ ലെബനാനിൽ ഒരേസമയം പൊട്ടിത്തെറിച്ചത്. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയിൽ 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ സംസ്‌കാര ചടങ്ങുകൾക്കിടെ ബുധനാഴ്ച വാക്കിടോക്കി എന്ന മറ്റൊരു വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണവും പൊട്ടിത്തെറിക്കുകയുണ്ടായി. ഇതിൽ 20 പേ മരിക്കുകയും 450-ലേറെ പേർക്ക് പരുക്കേൽക്കുകയുമുണ്ടായി.
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ചാരകണ്ണുകളിൽനിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾക്കു പകരം പേജറുകളും വാക്കിടോക്കികളും ഉപയോഗിച്ചത്. എന്നാൽ, അവയുടെ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികളെ വകവരുത്താൻ ഇസ്രായേലിനായി എന്നാണ് അവകാശവാദങ്ങൾ.