ന്യൂഡൽഹി– രണ്ട് മാസം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഇന്റർ കാശി എഫ്.സിയെ ഐ ലീഗ് ചാമ്പ്യന്മാരായി അംഗീകരിച്ച് അന്താരഷ്ട്ര കായിക കോടതി. അർഹിച്ച മൂന്ന് പോയിൻ്റ് വെട്ടിക്കുറച്ചതിനെതിരെ ഇൻ്റർ കാശി അപ്പീൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് ടീമിനനുകൂലമായി വിധി വന്നത്.
നാംധാരി എഫ്‌സിക്കെതിരായ മത്സരത്തിൽ അയോഗ്യനായ താരത്തെ കളത്തിലിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യ ഫുടബോൾ ഫെഡറേഷൻ ഇന്റർ കാശിയുടെ മൂന്ന് പോയിൻ്റ് തടഞ്ഞുവെച്ചത്. രണ്ട് മാസം മുമ്പ് ഐ ലീഗ് കിരീട ജേതാക്കളെ പ്രഖ്യാപിക്കാതെയാണ് സമാപിച്ചത്. പിന്നാലെ പ്രസ്‌തുത കേസിൽ വിധി പറഞ്ഞ എ.ഐ.എഫ്.എഫ് ചർച്ചിൽ ബ്രദേഴ്‌സിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്റർ കാശി അപ്പീൽ നൽകിയത്.
പുതിയ സീസൺ തുടങ്ങാനിരിക്കെ, കോച്ച് ലോപസ് ഹബ്ബാസ് നേതൃത്വം നൽകുന്ന ഇന്റർ കാശിക്ക് ഈ വിജയം വലിയ ഉത്സാഹമാണ്. കിരീടം നേടിയതോടെ ഇന്റർ കാശിക്ക് അടുത്ത വർഷത്തെ ഐ.എസ്.എൽ യോഗ്യത നേടാനാകുമെങ്കിലും, നിലവിലെ ഐ.എസ്.എൽ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ ടീം ഏത് ടൂർണമെന്റിൽ മത്സരിക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.