മലപ്പുറം. മലയാളി യുവ ചരിത്രഗവേഷകനും ബ്രിട്ടനിലെ പ്രശസ്തമായ എഡിൻബറ യൂനിവേഴ്സിറ്റി അധ്യാപകനുമായ ഡോ. മഹ്‍മൂദ് കൂരിയയ്ക്ക് ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ്. ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ് വിഭാഗത്തിലാണ് പുരസ്കാരം. ഒരു ലക്ഷം യുഎസ് ഡോളറും സ്വർണ മെഡലും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയായ ഇൻഫോസിസ് സ്ഥാപിച്ച ഇൻഫോസിസ് സയൻസ് ഫൗണ്ടേഷനാണ് 2008 മുതൽ ഈ പുരസ്കാരം നൽകി വരുന്നത്. അകാദമിക് രംഗത്തെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അവാർഡുകളിലൊന്നാണിത്.
മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയാണ് 36കാരനായ ഡോ. മഹ്‍മൂദ്. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ പ്രധാനമായും ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചരിത്രങ്ങളിലാണ്. ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക പരിവര്‍ത്തനങ്ങളില്‍ ഇസ്ലാമിക നിയമങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പഠന, ഗവേഷണങ്ങള്‍. സമുദ്രതീരത്തെ ഇസ്‌ലാമിക സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു ആഗോള വീക്ഷണം നല്‍കുന്നതില്‍ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളതെന്നും പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇസ്‍ലാമിന്റെ വ്യാപനത്തെ കുറിച്ചുള്ള പഠനത്തിലാണ് ഡോ. മഹ്മൂദിന്റെ ഊന്നൽ.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക പഠനത്തിൽ ബിരുദം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ദൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി. റൊമില ഥാപ്പർ, പ്രൊഫസർ യോഗേഷ് ശർമ്മ തുടങ്ങി പ്രമുഖർക്കു കീഴിലായിരുന്നു ഗവേഷണ പഠനം.
നെതർലാന്റ്സിലെ ലീഡൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വിവിധ സ്കോളർഷിപ്പുകളോടെ പിഎച്ച്.ഡി.യും പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടി. നെതർലാന്റ്സ് സർക്കാരിന്റെ വെനി സ്കോളർഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു കോടി രൂപയോളമാണ് ഈ സ്കോളർഷിപ്പ് തുക.
ലോകത്തുടനീളം വിവിധ സർവകലാശാലകളിൽ ചരിത്ര ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. മഹ്മൂദ് നിരവധി അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണ ജേണലുകളിലും പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈക്കൽ നെയ്‍ലർ പിയേഴ്സനൊപ്പം എഡിറ്റു ചെയ്ത മലബാർ ഇൻ ഇന്ത്യൻ ഓഷ്യൻ, ഇസ്‍ലാമിക് ലോ ഇൻ സർകുലേഷൻ, മൃഗകലാപങ്ങൾ (മലബാർ സമരങ്ങളുടെ മനുഷ്യേതര ചരിത്രങ്ങൾ) എന്നിവയാണ് മഹ്‍മൂദിന്റെ പ്രധാന രചനകൾ. ഇസ്‍ലാമിലെ മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ച് പത്തു രാജ്യങ്ങളിലെ അനുഭവങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
നിലവിൽ സ്കോട്ട്ലൻഡിലെ എഡിൻബറ സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുന്നുണ്ട്. നേരത്തെ ലീഡൻ യൂണിവേഴ്സിറ്റി, ബെർഗൻ യൂണിവേഴ്സിറ്റി, ജക്കാർത്ത നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഡച്ച്, ബഹസ ഇന്തൊനീസ്യ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള ഡോ. മഹ്മൂദ് കൂരിയ സാമൂഹ്യശാസ്ത്ര ഗവേഷകർക്കായുള്ള ഐ-ഷോർ എന്ന കൂട്ടായ്മയ്ക്കും നേതൃത്വം നൽകി വരുന്നു.