ന്യൂദൽഹി- ഇന്ത്യയിലെ മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരും കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നവരുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവാദ പ്രസംഗം. രാജസ്ഥാനിലാണ് മോഡിയുടെ വിവാദ പ്രസംഗം.
കോൺഗ്രസിന് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്ന് മോഡി പറഞ്ഞു. അവർ(കോൺഗ്രസ്) നിങ്ങളുടെ മംഗളസൂത്ര പോലും വെറുതെ വിടില്ല. അവർക്ക് ആ നിലയിലേക്ക് പോകാം. അമ്മമാരുടെയും സഹോദരിമാരുടയും സ്വർണത്തിന്റെ കണക്കെടുക്കുമെന്നാണ് അവർ പ്രകടന പത്രികയിൽ പറയുന്നത്. ആ സ്വത്ത് വിതരണം ചെയ്യുമെന്നാണ് അവർ പറയുന്നത്. അത് അവർ ആർക്ക് വിതരണം ചെയ്യും. രാജ്യത്തിന്റെ സ്വത്തിൽ മുസ്‌ലിംകൾക്കാണ് ആദ്യ അവകാശമെന്ന് മൻമോഹൻ സിംഗിന്റെ സർക്കാർ പറഞ്ഞിരുന്നു. ഈ പണം നുഴഞ്ഞു കയറ്റക്കാർക്കായിരിക്കും കോൺഗ്രസ് വിതരണം ചെയ്യുക. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് പോകണോ? നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ?.
“ഇത് നിങ്ങൾക്ക് സ്വീകാര്യമാണോ? നിങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൂടെയുള്ള സ്വർണം അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അവരുടെ മംഗളസൂത്രത്തിന്റെ മൂല്യം സ്വർണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവളുടെ ജീവിതത്തിലെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നിട്ട് നിങ്ങൾ അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്?-മോദി ചോദിച്ചു.
അതേസമയം, മോദിയുടെ പ്രസംഗത്തിനെതിരെ ശക്തമായ പ്രത്യാക്രമണമാണമാണ് കോൺഗ്രസ് നടത്തിയത്.
ആദ്യ റൗണ്ടിൽ ഇന്ത്യൻ സഖ്യം വിജയിച്ചുവെന്ന് മനസ്സിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അധികാരത്തിനുവേണ്ടി കള്ളം പറയുകയും എതിരാളികളെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ സ്വയംസേവക് സംഘ്-ഭാരതീയ ജനതാ പാർട്ടി കൂട്ടുകെട്ടിന്റെ സ്ഥിരം പരിപാടിയാണെന്നും ഖാർഗെ പറഞ്ഞു.
“ഇന്ത്യയുടെ ചരിത്രത്തിൽ, ഒരു പ്രധാനമന്ത്രിയും മോദിജിയോളം തന്റെ പദവിയുടെ അന്തസ്സ് താഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒന്നാം ഘട്ട വോട്ടെടുപ്പിലെ നിരാശയ്ക്ക് ശേഷം പ്രധാനമന്ത്രി നുണകൾ ആവർത്തിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
“ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ, നിങ്ങൾ ഹിന്ദു-മുസ്ലിം എന്ന പേരിൽ നുണകൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രകടനപത്രികയിൽ മുസ്ലീം, ഹിന്ദു എന്നിങ്ങനെ എന്തെങ്കിലും വാക്ക് ഉണ്ടെങ്കിൽ കാണിച്ചു തരാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. ഒന്നുകിൽ നിങ്ങൾ ഈ വെല്ലുവിളി സ്വീകരിക്കുക അല്ലെങ്കിൽ നുണ പറയുന്നത് അവസാനിപ്പിക്കുക- കോൺഗ്രസ് നേതാവ് പവൻ ഖേര എക്‌സിൽ ഒരു സന്ദേശത്തിൽ പറഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണകൾ രാജ്യത്തിന് മാത്രമല്ല, ലോകം മുഴുവൻ അറിയാമെന്നും കോൺഗ്രസിൻ്റെ ന്യായപത്രയെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങെക്കുറിച്ചും അദ്ദേഹം നുണ പ്രചരിപ്പിച്ച രീതി വൃത്തികെട്ട രാഷ്ട്രീയത്തിൻ്റെ ഉദാഹരണമാണ്.