ന്യൂദൽഹി: അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴ വർഷത്തിൽ പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ മുൻഭാഗത്തിന്റെ ചെറിയ ഭാഗം തകർന്നു. 200-ലധികം യാത്രക്കാരെയുമായി ദൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോ ഫ്ലൈറ്റിന്റെ 6E2142 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊടുങ്കാറ്റിൽ കുടുങ്ങിയ വിമാനം ശക്തമായി കുലുങ്ങുമ്പോൾ യാത്രക്കാരും കുട്ടികളും നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. ശക്തമായ മിന്നൽപിണറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. വിമാനം പിന്നീട് വൈകുന്നേരം 6.30 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.
ലാന്റ് ചെയ്തതിന് ശേഷം യാത്രക്കാരെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം പരിശോധിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം കാണിക്കുന്നത് ടർബുലൻസിന്റെ(ആകാശച്ചുഴി) ആഘാതത്തിൽ വിമാനത്തിന്റെ മൂക്കിന്റെ ഒരു ഭാഗം തകർന്നു എന്നാണ്.