ദോഹ– എഎഫ്സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ ടീമിനെ ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ആരാധകർ പൂക്കൾ നൽകി സ്വാഗതം ചെയ്തു. മലയാളി താരങ്ങളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് ഐമൻ എന്നിവർ ഉൾപ്പെട്ട ടീം മൂന്ന് യോഗ്യതാ മത്സരങ്ങൾക്കായാണ് ഖത്തറിൽ എത്തിയത്.
ഇന്ത്യ ഗ്രൂപ്പ് എച്ചിൽ ആതിഥേയരായ ഖത്തറിനൊപ്പം മത്സരിക്കും. ബഹ്റൈൻ, ബ്രൂണൈ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആദ്യ മത്സരം സെപ്റ്റംബർ 3-ന് ബഹ്റൈനെതിരെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 6-ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ശക്തരായ ഖത്തറിനെ ഇന്ത്യ നേരിടും. സെപ്റ്റംബർ 9-ന് സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബ്രൂണൈക്കെതിരെയാണ് അവസാന മത്സരം.
11 ഗ്രൂപ്പുകളിലായി 44 ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നു. ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026 ജനുവരിയിൽ സൗദി അറേബ്യയിൽ നടക്കുന്ന അണ്ടർ-23 ഏഷ്യൻ കപ്പിന് യോഗ്യത നേടും. തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ താജിക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, ഇറാഖ് യൂത്ത് ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു.