ന്യൂദൽഹി- എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും യുദ്ധത്തിന് സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ നാവികസേന മിസൈൽ പരീക്ഷണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നാവികസേനയുടെ പ്രഖ്യാപനം. ഞായറാഴ്ച രാവിലെ അറബിക്കടലിൽ നടത്തിയ ഒന്നിലധികം കപ്പൽവേധ മിസൈൽ വിക്ഷേപണങ്ങളുടെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. യുദ്ധക്കപ്പലുകളുടെ നിരയിൽനിന്ന് ബ്രഹ്മോസ് കപ്പൽവേധ, ഉപരിതല-വേധ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്.
അറബിക്കടലിന് മുകളിൽ നോ-ഫ്ലൈ സോൺ പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഒരു പുതിയ മിസൈൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യൻ നാവികസേനയുടെ പരീക്ഷണങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒന്നിലധികം കപ്പൽവേധ വിക്ഷേപണങ്ങൾ നാവികസേന വിജയകരമായി നടത്തി. രാഷ്ട്രത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ യുദ്ധസജ്ജമായി നാവിക സേന നിലകൊള്ളുന്നു. എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും നാവിക സേന തയ്യാറാണ് – സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നാവിക സേന പോസ്റ്റ് ചെയ്തു.
ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും . ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്നാണ് ഇന്ത്യയുടെ ആരോപണം. ആക്രമണത്തിന് പ്രതികാരമായി, ഇന്ത്യ 1960-ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും, ഏപ്രിൽ 27-നകം എല്ലാ പാകിസ്ഥാൻ പൗരന്മാരോടും രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായി, പാകിസ്ഥാൻ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി ഉടമ്പടികളും റദ്ദാക്കി. ഞായറാഴ്ച നടന്ന തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ, പ്രധാനമന്ത്രി രാജ്യത്തുടനീളം അനുഭവപ്പെടുന്ന വേദനയെയും ദേഷ്യത്തെയും കുറിച്ച് വിശദമായി സംസാരിച്ചു.
ജമ്മു കശ്മീരിന്റെ പുരോഗതിയിൽ നിരാശരായ രാഷ്ട്രത്തിന്റെയും കശ്മീരിന്റെയും ശത്രുക്കൾ, കശ്മീർ വീണ്ടും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും, അതിനാലാണ് ഇത്തരമൊരു വലിയ ഗൂഢാലോചന നടപ്പാക്കിയതെന്നും മോഡി പറഞ്ഞു.