ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ 2021ല്‍ താലിബാന്‍ ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാനുമായി സംഭാഷണം നടത്തി. ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ അനുകൂലിച്ച് താലിബാന്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് നന്ദി സൂചകമായി വ്യാഴാഴ്ച മന്ത്രി ജയ്ശങ്കര്‍ അഫ്ഗാനിസ്താനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്തഖിയുമായി ഫോണില്‍ സംസാരിച്ചത്. താലിബാനുമായി നേരിട്ടുള്ള ഇന്ത്യയുടെ ആദ്യ മന്ത്രി തല സമ്പര്‍ക്കമാണിത്. നേരത്തെ ജനുവരിയില്‍ ദുബായില്‍ വച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അഫ്ഗാന്‍ മന്ത്രി മുത്തഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
താലിബാന്‍ മന്ത്രിയുമായി സംസാരിച്ച കാര്യം മന്ത്രി ജയ്ശങ്കര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അഫ്ഗാന്‍ മന്ത്രി മൗലവി അമിര്‍ ഖാന്‍ മു്ത്തഖിയുമായി നല്ല സംഭാഷണം നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു. ഇന്ത്യയ്ക്കും അഫ്ഗാനിസ്താനുമിടയില്‍ അകല്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞെന്നും ഈ നിലപാടിനെ സ്വാഗതം ചെയ്തതായും മന്ത്രി ജയ്ശങ്കര്‍ കുറിച്ചു. പഹല്‍ഗാം ഓപേറഷനു വേണ്ടി ഇന്ത്യ താലിബാനെ വാടകയ്‌ക്കെടുത്തു എന്ന പ്രചാരണവുമായി പാക് മാധ്യമങ്ങളില്‍ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് അഫ്ഗാന്‍ ശക്തമായി തള്ളിക്കളഞ്ഞത്. അഫ്ഗാന്‍ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദവും അവരുടെ വികസന ആവശ്യങ്ങള്‍ക്കുള്ള തുടര്‍ പിന്തുണയും ജയ്ശങ്കര്‍ ഊന്നിപ്പറഞ്ഞു.
ജയ്ശങ്കറുമായുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതും നയതന്ത്ര ബന്ധവും ചര്‍ച്ച ചെയ്തതായി താലിബാന്‍ മന്ത്രി പ്രതികരിച്ചു. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്നതിന് സന്തുലിതമായ വിദേശ നയമാണ് തങ്ങള്‍ പിന്തുടരുതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ വ്യാപാരികള്‍ക്കും രോഗികള്‍ക്കും വിസ നല്‍കുന്നതിന് ഇന്ത്യ സൗകര്യങ്ങള്‍ ചെയ്യണമെന്നും ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന അഫ്ഗാന്‍ തടവുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ ജയ്ശങ്കര്‍ അനുകൂല നടപടികള്‍ ഉറപ്പു നല്‍കിയതായും മുത്തഖി പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനിലെ ഛാബഹാര്‍ തുറമുഖ വികസനവും ചര്‍ച്ച ചെയ്തതായി താലിബാന്‍ പ്രസ്താവനയില്‍ പറയുന്നു. ഈ തുറമുഖത്തെ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനിയാണ്. ഇതുവഴിയാണ് അഫ്ഗാനിലേക്കുള്ള സഹായ വസ്തുക്കളും വാണിജ്യ ചരക്കുകളും എത്തിക്കുന്നത്. ഈ തുറമുഖം വഴി അഫ്ഗാനില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള താല്‍പര്യവും താലിബാന്‍ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ഏക സജീവ കര അതിര്‍ത്തി ക്രോസിങ് ആയ അട്ടാരിയിലെ ക്രോസിങ് അടച്ചത് അഫ്ഗാനിലെ വ്യാപാരികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള ചരക്കുകള്‍ ഇതുവഴിയാണ് ഇന്ത്യയിലെത്തിയിരുന്നത്.