ന്യൂദൽഹി: ഇന്ത്യയിൽനിന്നുള്ള 4300 കോടീശ്വരൻമാർ ഇക്കൊല്ലം രാജ്യം വിട്ട് യു.എ.ഇയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആന്റ് പാർട്‌ണേഴ്‌സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ വിടുന്ന കോടീശ്വരൻമാരിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് യു.എ.ഇയെ ആണെന്നും റിപ്പോർട്ടിൽ സൂചിപിക്കുന്നു. കഴിഞ്ഞ വർഷം 5100 ഇന്ത്യൻ കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറിപ്പാർത്തുവെന്നും റിപ്പോർട്ടിലുണ്ട്. ചൈനക്കും യു.കെക്കും പിന്നാലെ കോടീശ്വരൻമാരുടെ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയ്ക്ക് ഓരോ വർഷവും ആയിരക്കണക്കിന് കോടീശ്വരന്മാരെയാണ് നഷ്ടപ്പെടുന്നത്. പലരും യുഎഇയിലേക്കാണ് കുടിയേറുന്നത്. അതേസമയം, ഇന്ത്യ വിടുന്ന കോടീശ്വരൻമാരിൽ പലരും ഇന്ത്യയിൽ ബിസിനസും രണ്ടാം ഭവനങ്ങളും നിലനിർത്തുന്നുണ്ടെന്നും റിപ്പോർട്ട് എടുത്തു പറയുന്നു.
ഇന്ത്യൻ സ്വകാര്യ ബാങ്കുകളും വെൽത്ത് മാനേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മുഴുനീള നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകുന്നതിനായി യു.എ.ഇയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യം വിട്ടാലും ഉപഭോക്താക്കളെ കൈവിടാതിരിക്കാനാണിത്. നുവാമ പ്രൈവറ്റ്, എൽ.ജി.ടി വെൽത്ത് മാനേജ്‌മെൻ്റ് തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ത്യക്കാർക്ക് ഉപദേശം നൽകാൻ രംഗത്തുണ്ട്. മറ്റ് ബാങ്കുകളും യുഎഇയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കും 360 വൺ വെൽത്തും യു.എ.ഇ.യിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് വെൽത്ത് മാനേജ്‌മെൻ്റ് സേവനങ്ങൾ നൽകുന്നുണ്ട്.
സുരക്ഷ, സാമ്പത്തിക പരിഗണനകൾ, നികുതി ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സാധ്യതകൾ, ബിസിനസ് അവസരങ്ങൾ, അനുകൂലമായ ജീവിതശൈലി, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാണ് വിദേശത്തേക്ക് കുടിയേറാൻ കോടീശ്വരൻമാരെ പ്രേരിപ്പിക്കുന്നത്.