ന്യൂ ഡൽഹി– ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.
ലീഗ് സംഘടിപ്പിക്കുന്ന സ്ഥാപനമായ ഫൂട്ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) , അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിൽ കരാർ സംബന്ധിച്ച തർക്കങ്ങൾ ആഴത്തിൽ കടന്നതോടെ, 2025-26 ഐ.എസ്.എൽ സീസൺ നേരത്തേ തന്നെ നിർത്തിവച്ചിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിയുടെ ആമുഖം.
നിരാശാജനകമായ 2024-25 സീസണിനു ശേഷം, യുവതാരങ്ങളെയും ക്ലബ് ജീവനക്കാരെയും പിരിച്ചുവിട്ടതോടെ, ചെന്നൈയിൻ എഫ്‌സിയിലെ ആന്തരിക പ്രതിസന്ധി മുറുകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുൻ പരിശീലകനായ ഓവൻ കോയിലുമായി ക്ലബ് ബന്ധം അവസാനിപ്പിച്ചത്, ഇത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയ മറ്റൊരു സംഭവമായി വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ ക്ലബ് മുഴുവൻ ഫുട്ബോൾ പ്രവര്‍ത്തനങ്ങളും നിലച്ച് നിൽക്കുമ്പോൾ, താരങ്ങളും സ്റ്റാഫും ഉൾപ്പെടെയുള്ളവരുടെ ഭാവി ഇരുട്ടിലായിരിക്കുന്നു. ആരാധകർ നിരാശയിലാണ്. ഇന്ത്യൻ ഫുട്ബോളിൽ ഒരു കാലത്ത് ആകർഷണീയമായ ബ്രാൻഡായി ഉയർന്നുവന്ന ക്ലബ്ബ്, ഇപ്പോൾ തകർച്ചയിലേക്ക് കൂപ്പുക്കുത്തുമോ എന്നാണ് എല്ലാവരുടെയും ചോദ്യം
ഇത് വെറും ഒരു ക്ലബ്ബിന്റെ പിന്മാറ്റം മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ സമ്പൂർണ ശൃംഖലയെ ചോദ്യംചെയ്യുന്ന കനത്ത അടിയന്തര ഘട്ടമാണ്. ലീഗിന്റെ നിലപാടുകളിലും പ്രായോഗിക സംവിധാനങ്ങളിലുമുള്ള വീഴ്ചകൾ കാരണം, കൂടുതൽ ക്ലബ്ബുകൾ ഈ വഴിയിലേക്കുള്ള കാൽവെപ്പ് വേഗത്തിൽ തുടരുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.