- ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെടുകയും 80 പേർക്ക് പരുക്കേറ്റതുമായാണ് റിപോർട്ട്.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പാക് കൊടും ഭീകരകേന്ദ്രങ്ങൾ നിലംപരിശാക്കി ഇന്ത്യയുടെ മറുപടി. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ബാവൽപൂരിലും മുദ്രികെയിലുമുള്ള ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ ത്വയ്ബയുടെടേതുമടക്കം ഒൻപത് ഭീകര താവളങ്ങളാണ് ‘ഓപറേഷൻ സിന്ദൂർ’ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. മെഹ്മൂനയിലെ ജോയ ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളും തകർത്തവയിൽ പെടും.
ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെടുകയും 80 പേർക്ക് പരുക്കേറ്റതുമായാണ് റിപോർട്ട്. ഓപറേഷൻ സിന്ദൂർ സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഇന്ന് രാവിലെ പത്തരയോടെ ഉണ്ടാകുമെന്നാണ് റിപോർട്ട്. മർകസ് സുബ്ഹാനല്ലാഹ്, ബഹവൽപൂർ ജെയ്‌ഷെ കേന്ദ്രം, മർകസ് ത്വയ്ബ, മുരിദ്‌കെ ലഷ്‌കർ കേന്ദ്രം, സർജൽ, തെഹ്‌റ കലാൻ ജെയ്‌ഷെ, മെഹ്മൂന ജോയ, സിയാൽകോട്ട് എച്ച്എം, മർകസ് അഹ്‌ലെ ഹദീസ്, ബർണാലയിലെ എൽ.ഇ.ടി കേന്ദ്രം, മർകസ് അബ്ബാസ്, കോട്‌ലിയിലെ ജെഎം കേന്ദ്രം, മസ്‌കർ റഹീൽ ഷാഹിദ്, കോട്‌ലി എച്ച്എം, ഷവായ് ക്യാമ്പ്, മുസാഫറാബാദ് എൽ.ഇ.ടി കേന്ദ്രം, സയ്യിദ്‌ന ബിലാൽ ക്യാമ്പ്, മുസാഫറാബാദ് ജെയ്‌ഷെ ക്യമ്പ് എന്നി ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ന് പുലർച്ചെ 1.44-ഓടെ ഇന്ത്യൻ സേനയുടെ അതിശക്തമായ വ്യോമ പ്രഹരമുണ്ടായത്.
റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ഒൻപത് കേന്ദ്രങ്ങളിലേക്കുമുള്ള ഇന്ത്യൻ സേനയുടെ ആക്രമണം. ദീർഘദൂര വ്യോമ വിക്ഷേപണ ക്രൂയിസ് മിസൈലായ ഐഎഎഫ് സ്‌കാൽപ്പ്, ഹാമർ മിസൈലുകളും കാമികാസെ ഡ്രോണുകളും ആക്രമണത്തിനായി സായുധസേന ഉപയോഗപ്പെടുത്തി. 1,300 കിലോഗ്രാം ഭാരമുള്ള സ്‌കാൽപ്പ് മിസൈൽ കാഠിന്യമേറിയ ബങ്കറുകൾ, നിർണായക അടിസ്ഥാന സൗകര്യമുള്ള ഭീകരവാദ കേന്ദ്രങ്ങൾ തുടങ്ങിയവ നശിപ്പിക്കുന്നതിനാണ് യുദ്ധവിമാനങ്ങളിൽനിന്ന് തൊടുത്തതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.
സൈന്യം തകർത്ത ബാവൽപൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. ഹാഫിസ് സഈദിന്റെ മുദ്രികെയിലെ ലഷ്‌കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. 1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീർ നിയമസഭാ ബോംബാക്രമണം, 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ നടന്ന ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളിൽ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്.
ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസർ 2019 മുതൽ ഒളിവിലാണ്. ഇന്ത്യ രണ്ടാമതായി ആക്രമിച്ച മുരിദ്‌കെ ലാഹോറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്, 1990-കൾ മുതൽ ലഷ്‌കർ ഇ ത്വയ്ബയുടെ താവളമാണിത്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള എൽഇടിക്ക് മുംബൈ ഭീകരാക്രമണം അടക്കം ഇന്ത്യയിലെ നിരവധി ആക്രമണങ്ങൾക്ക് പങ്കുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. കാര്യങ്ങളെല്ലാം ഇന്ത്യൻ സേന നിരീക്ഷിച്ച് ഏത് തിരിച്ചടിയും നേരിടാൻ ഒരുങ്ങി നിൽക്കുകയാണ്. അതിനിടെ, ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.