ന്യൂഡൽഹി- ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത് ഇന്ത്യക്കാരെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പുതിയ റിപോർട്ട്. 2023ൽ 129.3 ബില്യൺ തത്സമയ ഡിജിറ്റൽ ഇടപാടുകൾ രേഖപ്പെടുത്തി ഇന്ത്യ ആഗോള തലത്തിൽ ഒന്നാമതെത്തിയെന്ന് ഐഎംഎഫിന്റെ 2025 ജൂൺ റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രമുഖ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ മൊത്തം ഇടപാടുകളെ മറികടക്കുന്നതാണ് ഇന്ത്യയുടെ നേട്ടം. ഡിജിറ്റൽ സാമ്പദ് വ്യവസ്ഥയുടെ ശക്തിയും സമഗ്രതയും വ്യക്തമാക്കുന്നതാണീ കണക്കുകൾ.
ബ്രസീൽ (37.4 ബില്യൺ), തായ്‌ലൻഡ് (20.4 ബില്യൺ), ചൈന (17.2 ബില്യൺ), ദക്ഷിണ കൊറിയ (9.1 ബില്യൺ) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ. വികസിത രാഷ്ട്രങ്ങളായ യുഎസ് (3.5 ബില്യൺ), യുകെ (4.6 ബില്യൺ), ജപ്പാൻ (2 ബില്യൺ), ജർമനി (1.5 ബില്യൺ) എന്നിവിടങ്ങളിയെ ഡിജിറ്റൽ പണമിടപാടുകളും ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്.
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആരംഭിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) ആണ് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന്റെ നട്ടെല്ല്. ഒറ്റ പ്ലാറ്റ്‌ഫോമിൽ മാത്രം പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുപിഐ ബാങ്കുകൾക്കും ആപ്പുകൾക്കും ഇടയിൽ തടസമില്ലാത്ത ഇടപാടുകൾ സാധ്യമാക്കുന്നു. ഈ തുറന്ന ഘടന ഡിജിറ്റൽ പേയ്‌മെന്റുകളുടെ വേഗത്തിലുള്ള സ്വീകാര്യതയ്ക്കും വ്യാപനത്തിനും കാരണമായി.
2025ലെ പുതിയ കണക്കുകൾ പ്രകാരം പ്രതിമാസം 18 ബില്യൺ യുപിഐ പണമിടപാടുകളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇത് മറ്റൊരു രാജ്യത്തിനും താരതമ്യപ്പെടുത്താനാകാത്ത പ്രവർത്തന ശേഷി പ്രകടമാക്കുന്നു. 2016ൽ അവതരിപ്പിച്ച ഭീം ആപ്പ് യുപിഐയെ പ്രാരംഭ ഘട്ടത്തിൽ ജനപ്രിയമാക്കുന്നതിൽ നിർണായകമായി. 2016ലെ നോട്ട് നിരോധനം ക്യാഷ്‌ലെസ് ഇടപാടുകളിലേക്ക് ജനങ്ങളെ തിരിച്ചുവിട്ടതും യുപഇഐയുടെ വൈവിധ്യവും ഉപയോഗ എളുപ്പവും കാരണം ഉപയോഗവും വർധിച്ചയതും ഡിജിറ്റൽ ഇടപാടുകളുടെ വളർച്ചയിൽ നിർണായകമായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്റർഓപ്പറബിളിറ്റി നിർബന്ധമാക്കിയതോടെ വലിയ ഡിജിറ്റൽ വാലറ്റ് സേവന ദാതാക്കളെല്ലാം യുപിഐ സംവിധാനം തങ്ങളുടെ ആപ്പിൽ സംയോജിപ്പിച്ചതും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി. മൊബൈൽ ഡാറ്റയുടെ വ്യാപക ലഭ്യത, എല്ലാവരിലേക്കും ബാങ്കിങ് സേവനമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ജൻ ധൻ യോജന, ആധാർ വഴിയുള്ള തിരിച്ചറിയൽ എന്നിവയും ഇന്ത്യയുടെ മുന്നേറ്റത്തിന് അടിത്തറയായി.
ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലെ ഈ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം യുപിഐയെ ആഗോള മാതൃകയാക്കി. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കുടുതൽ അവസരം നൽകുന്നതോടൊപ്പം സേവനദാതാക്കൾ തമ്മിലുള്ള മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ ഇന്ത്യ ചലനാത്മകമായ ഒരു ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ ആവാസവ്യവസ്ഥ സൃഷ്ടിച്ചു.