ന്യൂഡല്‍ഹി- പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന ഗാംഗുലി ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാൻ നടപടിയെടുക്കുന്നത് വെച്ച് താമസിപ്പിക്കരുതെന്നും അറിയിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യാ-പാകിസ്ഥാന്‍ പരമ്പരകള്‍ നടക്കാറില്ല. ഐ.സി.സി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കാറുള്ളത്.
2008ലെ മുംബൈ ഭീകരാക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ഈയിടെ പാകിസ്ഥാനില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലേക്ക് മാറ്റുകയായിരുന്നു.