ചരിത്രത്തിലാദ്യമായി 5 കിലോമീറ്റർ ആഴത്തിലേക്ക് ‘ജലയാത്രികരെ’ (അക്വാനോട്ട്) അയച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നും ഒരു പൗരൻ ഇത്രയും ആഴത്തിലേക്ക് പോകുന്നതും ഇതാദ്യമായാണ്. ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന ‘സമുദ്രയാൻ പദ്ധതി’ക്കു മുന്നോടിയായാണ് ഈ യാത്ര. ഫ്രാൻസുമായി സഹകരിച്ചുള്ള ഈ യാത്രക്ക് വടക്കൻ അറ്റ്‍ലാന്റിക് സമുദ്രത്തിൽ ‘നോട്ടീൽ’ എന്ന ജലപേടകമാണ് ഉപയോഗിച്ചത്. ഈ മാസം 5,6 തീയതികളിലായിരുന്നു ആഴക്കടലിലേക്കുള്ള യാത്ര.
5 മണിക്കൂറോളമാണ് കടലിന്റെ അടിത്തട്ടിൽ യാത്രികർ ചെലവഴിച്ചത്. കടലിന്റെ അടിത്തട്ടിൽ പോയി വരാൻ ഏകദേശം 9 മണിക്കൂറാണ് ഇവർക്ക് എടുത്തത്. പേടകത്തിനുള്ളിലിരുന്ന് പുറത്തെ റോബട്ടിക് കരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെയും ഫ്രാൻസിന്റെയും ദേശീയപതാകകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുകയും ചെയ്തു.
‘മത്സ്യ 6000’ എന്ന ജലപേടകത്തിന്റെ നിർണായക ചുമതലയുള്ള 5 പേരിലൊരാൾ മലയാളിയായ ജി.ഹരികൃഷ്ണനായിരുന്നു. ജി.ഹരികൃഷ്ണനോടൊപ്പം കപ്പലിലെ കൺട്രോൾ റൂമിലുണ്ടായിരുന്നത് എൻഐഒടി ശാസ്ത്രജ്ഞരായ ഡോ.ഡി. സത്യനാരായണൻ, എം.പളനിയപ്പൻ എന്നിവരാണ്. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയാണ് ജി.ഹരികൃഷ്ണൻ. രാജു രമേഷും കമാൻഡർ ജതീന്ദർ പാൽ സിങ്ങുമാണ് അടിത്തട്ടിലേക്കു പോയവർ.