ന്യൂഡൽഹി: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയതിന് യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു പിന്നാലെ, അവരുമായി ബന്ധമുള്ള മറ്റൊരു യൂട്യൂബറെക്കുറിച്ചും അന്വേഷണം ആരംഭിച്ച് അധികൃതർ. ‘യാത്രി ഡോക്ടർ’ എന്ന പേരിൽ ലോകസഞ്ചാരം നടത്തുന്ന യൂട്യൂബർ നവാങ്കർ ചൗധരിയാണ് സംശയ നിഴലിലുള്ളതെന്നും ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഇയാൾ പാകിസ്താനിൽ പോയിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. ജ്യോതി മൽഹോത്രയുടെ മറ്റൊരു സുഹൃത്തായ യൂട്യൂബർ പ്രിയങ്ക സേനാപതിക്കെതിരെയും അന്വേഷണം നടക്കുന്നതായി വാർത്തയുണ്ട്.
ചെന്നൈയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കുകയും പിന്നീട് ഡോക്ടർ ജോലി ഉപേക്ഷിച്ച് വ്‌ളോഗിങ്ങിലേക്ക് തിരിയുകയും ചെയ്ത ‘യാത്രി ഡോക്ടർ’ക്ക് യൂട്യൂബിൽ രണ്ട് മില്ല്യണിലേറെ സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 6.50 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. 144 രാജ്യങ്ങൾ സന്ദർശിച്ച ഇയാൾ പാകിസ്താനിലും പോയിട്ടുണ്ട്. ഡൽഹിയിൽ പാക് ഹൈകമ്മീഷൻ നടത്തിയ പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. ജ്യോതി മൽഹോത്രയുമായുള്ള സൗഹൃദമാണ് ഇയാളെക്കുറിച്ച് അന്വേഷണം നടത്താൻ കാരണമെന്നാണ് സൂചന.
എന്നാൽ, താൻ ഇപ്പോൾ അയർലാന്റിലാണെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും ചൗധരി തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ‘യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇപ്പോൾ എന്നെക്കുറിച്ച് പ്രചരിക്കുന്നത് നെഗറ്റീവ് വാർത്തകളാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. വിവിധ ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഭാഗമായി ഒരു തവണ പാകിസ്താനിലും പോയിട്ടുണ്ട്. ജ്യോതി മൽഹോത്രയുമായുള്ള പരിചയം യൂട്യൂബർ എന്ന നിലയിൽ മാത്രമാണ്. ഞാൻ തെറ്റ് ചെയ്തു എന്നതിന് തെളിവുണ്ടെങ്കിൽ ഞാൻ ഡൽഹിയിൽ ഇറങ്ങുമ്പോൾ എന്നെ അറസ്റ്റ് ചെയ്യാം. അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കും.’ – ചൗധരി പറഞ്ഞു.
ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ ജ്യോതി മൽഹോത്ര അടുത്തിടെ കശ്മീരിലെ പഹൽഗാമിലേക്ക് പോയിരുന്നു. ഗുൽമാർഗ്, ദാൽ തടാകം, ലഡാക്ക് എന്നിവിടങ്ങളിൽ നിന്ന് അവർ വീഡിയോ ചെയ്തിട്ടുണ്ട്. ജ്യോതിയുടെ പഹൽഗാം സന്ദർശനം ഇപ്പോൾ നിരവധി സംശയങ്ങളുയർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസും കശ്മീർ ഇന്റലിജൻസ് വിഭാഗവും അവരെ ചോദ്യം ചെയ്ത് വരികയാണ്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടത്തിയ അന്വേഷണത്തിൽ പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ 11 പേർ ഇതിനകം രാജ്യത്ത് അറസ്റ്റിലായി എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജ്യോതി മൽഹോത്രക്കു പുറമെ ഗുസാല (ഡൽഹി), ഷഹ്‌സാദ്, നൗമാൻ ഇലാഹി (യു.പി), ഫലക്ഷേർ മസീഹ്, സുരാജ് മസീഹ്, യമീൻ മുഹമ്മദ്, സുഖ്പ്രീത് സിങ്, കരൺപ്രീത് സിങ് (പഞ്ചാബ്), ദേവേന്ദർ സിങ്, അർമാൻ, മുഹമ്മദ് താരിഫ് (ഹരിയാന) എന്നിവരാണ് അറസ്റ്റിലായത്.