കച്ചി – ബലൂചിസ്താനിലെ കച്ചി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യൻ പിന്തുണയുള്ള ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നും മേഖലയിൽ നിന്ന് തീവ്രവാദികളെ തുടച്ചുനീക്കുമെന്നും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം (ഐ.എസ്.പി.ആർ) പത്രക്കുറിപ്പിൽ പറഞ്ഞു.
പാക് സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുബേദാറും രണ്ട് നായിക്കുമാരും നാല് ശിപായിമാരുമാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ മണ്ണിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ദുഷ്ടകരങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും തീവ്രവാദികളെ തുടച്ചുനീക്കാൻ സുരക്ഷാ സൈന്യവും നിയമപാലകരും ഒരുമിക്കുമെന്നും ഐ.എസ്.പി.ആർ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച ജിവാനി മേഖലയിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പാക് പട്രോൾ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. പിഷിൻ ജില്ലയിൽ സ്വകാര്യ വാഹനം ബോംബ് വെച്ചു തകർക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക് മണ്ണിൽ ആക്രമണം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഐ.എസ്.പി.ആർ ഡയറക്ടർ ജനറൽ ലഫ്. ജനറൽ അഹമ്മദ് ശരീഫ് ചൗധരി പറഞ്ഞു.