ഇസ്ലാമാബാദ് – സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യ സിന്ധു നദിയിൽ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അത് തകർക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ. പാക് മാധ്യമമായ ജിയോ ന്യൂസുമായി സംസാരിക്കവെ പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫ് ആണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. നദിയിൽ ഇന്ത്യ നടത്തുന്ന ഏത് നിർണാണ പ്രവർത്തനവും കടന്നാക്രമണമായി കാണുമെന്നും അത്തരം നിർമാണങ്ങൾ തകർക്കുമെന്നും ഖാജ ആസിഫ് പറഞ്ഞു.
‘കടന്നാക്രമണം എന്നാൽ പീരങ്കിയോ വെടിയുണ്ടകളോ തൊടുക്കുക എന്നത് മാത്രമല്ല. അതിന് പല മുഖങ്ങളുണ്ട്. അത്തരമൊരു മുഖമാണ് വെള്ളം തടയുക എന്നത്. അത് ദാഹവും വിശപ്പും മൂലമുള്ള മരണങ്ങൾക്ക് കാരണമാകും.’ ഖാജ ആസിഫ് പറഞ്ഞു.
ജമ്മു കശ്മീരിൽ 27 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയിരുന്നു. 1960 മുതൽ നിലവിലുള്ള കരാർ റദ്ദാക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന് പാകിസ്താൻ പ്രതികരിക്കുകയും ചെയ്തു. എന്നാൽ, ഇതാദ്യമായാണ് ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തകർക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കെ, പാകിസ്താൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത് വിവാദമായിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദലി വെപ്പൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചത്.