ന്യൂഡല്‍ഹി– സിന്ധു നദീജല കരാറില്‍ ചര്‍ച്ചവേണമെന്ന പാകിസ്താന്റെ ആവശ്യം തള്ളി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്താന്‍ അവസാനിപ്പിക്കാതെ ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ കയ്യടക്കി വെച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങളെ പറ്റി മാത്രമേ ചര്‍ച്ച ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.സിന്ധു നദീജല കരാറില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പാകിസ്താന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ രംഗത്ത് വന്നിരുന്നു.
2023ലും 2024ലും കരാര്‍ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറുന്നത്. 1960ലാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാകിസ്താന്‍ പ്രധാനമന്ത്രി അയ്യൂബ് ഖാനും ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ കരാറില്‍ ഒപ്പുവെക്കുന്നത്. പാകിസ്താനിലെ കൃഷിക്കും ലാഹോര്‍ അടക്കമുള്ള നഗരങ്ങളിലെ കുടിവെള്ളത്തിനും കരാറില്‍ ഉള്‍പ്പെടുന്ന സിന്ധു, ഝലം, ചെനാബ് നദികളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ കരാറില്‍ നിന്ന് പിന്മാറി നദികളില്‍ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ പാകിസ്താനെ ഗുരുതരമായി ബാധിക്കും.