ന്യൂഡൽഹി – പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കെ, ഏത് സാഹചര്യവും നേരിടാൻ പൂർണസജ്ജമെന്ന് വ്യോമസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് എയർ ചീഫ് മാർഷൽ എ.പി സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നാവികസേനാ ചീഫ് അഡ്മിറൽ ദിനേഷ് കെ തൃപാഠിയുമായും മോദി കൂടിക്കാഴ് നടത്തിയിരുന്നു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്താൻ ഇന്നലെയും ആവർത്തിച്ചു. ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യയുടെ സമീപനം മേഖലയിലെ സമാധാനത്തിന് തിരിച്ചടിയാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടുമെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന കാര്യം സുരക്ഷാ കൗൺസിലിനെ ബോധ്യപ്പെടുത്താനും സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ ലോകരാജ്യങ്ങളെ ബോധവൽക്കരിക്കാനും ഇസ്ഹാഖ് ധർ പാകിസ്താന്റെ യു.എൻ അംബാസഡർ ആസിം ഇഫ്തിക്കാറിനോട് ആവശ്യപ്പെട്ടു.