ന്യൂഡൽഹി – ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനായി ഏതു വിധേനയും പ്രവർത്തിക്കാൻ സൈന്യത്തിന് സ്വാതന്ത്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രി മോദി. ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനകളുടെയും മേധാവികൾ എന്നിവരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തിന് ഏതു സമയത്തും ഏതു വിധേനയും പ്രവർത്തിക്കാനുള്ള സ്വാതന്ത്യമുണ്ടെന്നും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുക എന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ 26 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യക്കും പാകിസ്താനുമിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്താനാണെന്ന് ആരോപിച്ച കേന്ദ്രസർക്കാർ, അയൽരാഷ്ട്രവുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും സിന്ധു നദീജല കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്ന വാദം പാകിസ്താൻ ഇന്നും ആവർത്തിച്ചു. തങ്ങൾക്കു പങ്കുണ്ടെന്ന് കാണിക്കുന്ന ഒരു തെളിവും ഇന്ത്യ ഇതുവരെ കൈമാറിയിട്ടില്ലെന്ന് പാകിസ്താനിലെ ‘ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്’ (ഐപിസിആർ) ഡയറക്ടർ ലഫ്. ജനറൽ അഹമ്മദ് ശരീഫ് ചൗധരി ആരോപിച്ചു. നേരത്തെ പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. പഹൽഗാം സംഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടാൽ സഹകരിക്കുമെന്നും ഖവാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യൻ സൈന്യം ഏതുസമയവും ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അത് നേരിടാൻ തങ്ങളുടെ സൈന്യം സജ്ജമാണെന്നും ആസിഫ് അവകാശപ്പട്ടു.
ഇന്ത്യൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി പാകിസ്താൻ അവകാശവാദം