ന്യൂദൽഹി- ഏകദേശം രണ്ടാഴ്ച മുമ്പ് പെഹൽഗാമിൽ വിനോദസഞ്ചാരികളായി ഇരുപത്തിയാറ് പേരെ അതിഹീനമായി കൊലപ്പെടുത്തിയ ഭീകരരുടെ ക്രൂരതക്ക് എതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അതിന്റെ ആദ്യ തിരിച്ചടിയാണ് ഇന്ന് പുലർച്ചെ പാക്കിസ്ഥാന് ലഭിച്ചത്. പാക്കിസ്ഥാനിലെയും പാക്കധീന കശ്മീരിലെയും ഒൻപതിടങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് പുലർച്ചെ 1.44 ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ സൈന്യം പറഞ്ഞു. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും അവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ സംവിധാനിച്ച് ആസൂത്രണം ചെയ്തതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ നടത്തിയതെന്നും സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ സിന്ദൂര’ത്തെക്കുറിച്ചുള്ള വിശദമായ വിശദീകരണം പിന്നീട് നൽകുമെന്നും സൈന്യം അറിയിച്ചു. അതേസമയം, ഇന്ത്യയുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ വെടിവെച്ചിട്ടതായി പാക്കിസ്ഥാൻ
കോട്‌ലി, ബഹാവൽപൂർ, മുരിദ്കെ, ബാഗ്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിൽ അർദ്ധരാത്രിക്ക് ശേഷം ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി രണ്ട് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരിച്ചടി തുടരുകയാണെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഞങ്ങൾ രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. ഇപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ ഇന്ത്യൻ ആക്രമണത്തിന് മറുപടി നൽകുകയാണെന്നാണ് ബ്രിട്ടീഷ് മാധ്യമത്തോട് മന്ത്രി പറഞ്ഞത്.
ഇന്ത്യ നടത്തിയ ആക്രമണത്തിൽ മൂന്നു പാക്കിസ്ഥാനികളാണ് കൊല്ലപ്പെട്ടത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. അതേസമയം, പാക്കിസ്ഥാൻ വ്യോമാതിർത്തികൾ അടച്ചു. കറാച്ചിയിലേക്ക് വരുന്ന വിമാനങ്ങൾ തിരിച്ചുവിട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. അതിനിടെ ഇന്ത്യക്ക് തിരിച്ചടി നൽകുന്നുണ്ട് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയിലെ ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനവും തകർത്തതായും പാക് ടി.വി റിപ്പോർട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയോട് ചേർന്നുള്ള ദുധ്‌നിയാൽ സെക്ടറിലെ ഒരു ഇന്ത്യൻ ചെക്ക്‌പോസ്റ്റ് മിസൈൽ ആക്രമണത്തിൽ തകർന്നതായും പിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യ നേടിയെടുത്ത താൽക്കാലിക സന്തോഷം ശാശ്വത ദുഃഖമായി മാറുമെന്നും പാക്കിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകി.