ജമ്മു: ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ മിസൈലാക്രമണം. പതിനഞ്ച് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ തകർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് കശ്മീരിനെയും രാജസ്ഥാനെയും ലാക്കാക്കി പാക്കിസ്ഥാൻ വീണ്ടും ആക്രമണം നടത്താൻ ശ്രമിച്ചത്. രാജസ്ഥാനിലേക്കും പഞ്ചാബിലെ അതിർത്തി പ്രദേശങ്ങളിലേക്കും പാക്കിസ്ഥാൻ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യൻ സൈന്യം വിജയകരമായി ചെറുത്തു. സാംബ, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിന് വിധേയമാകുമ്പോഴാണ്, ജമ്മുവിനെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
രാത്രി 9 മണിക്ക് തൊട്ടുമുമ്പ്, നഗരത്തിൽ നിന്ന് ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് സൈറണുകൾ മുഴങ്ങുകയും സമ്പൂർണ്ണമായും ബ്ലാക്ക്ഔട്ടും ഉണ്ടായി. ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇവിടങ്ങളിൽ സെൽഫോൺ സേവനങ്ങളും നിലച്ചു.
പ്രദേശവാസികൾ അയച്ച സെൽഫോൺ വീഡിയോകളിൽ ആകാശത്ത് മിസൈലുകൾ പറക്കുന്നതായി കാണാം. ഇന്ത്യൻ സായുധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തടഞ്ഞു.
300 കിലോമീറ്ററിലധികം അകലെയുള്ള കുപ്വാര പട്ടണവും പത്താൻകോട്ടും സമാനമായ സാഹചര്യത്തിലാണ്. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ബ്ലാക്ക്ഔട്ടിലാണ്. പഞ്ചാബിലെ ഗുരുദാസ്പൂരിലും ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. സാംബ, അഖ്നൂർ, രജൗരി, റീസി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇതിനകം കനത്ത ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.