ന്യൂഡല്‍ഹി– ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തി ലോകരാജ്യങ്ങള്‍. അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി ഇടപെടുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റുബിയോ പാക് സൈനിക മേധാവി അസിം മുനീറുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും സംസാരിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. പരസ്പരം ആക്രമണങ്ങള്‍ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതാണ് ഇരു രാജ്യങ്ങള്‍ക്കും നല്ലതെന്ന് ചൈന വ്യക്തമാക്കി.
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ത്യയും പാകിസ്ഥാനും നീങ്ങണമെന്നും ചൈന ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. സൗദി ഭരണാധികാരിയുടെ നിര്‍ദേശമനുസരണം സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.