ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ക്കായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യുഎസിലേക്ക് പോകാനിരിക്കെ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താന്‍ ഇന്ത്യയുടെ നീക്കം. ഇതു സംബന്ധിച്ച നിർദേശം ഇന്ത്യ ലോക വ്യാപാര സംഘടനയിൽ (WTO) ഉന്നയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനുമുള്ള തീരുവ 25 ശതമാനമാക്കി ഉയര്‍ത്തിയ യുഎസ് നടപടിക്ക് മറുപടി ആയാണ് ഇന്ത്യയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. ഡബ്ല്യുടിഒയെ വിവരം അറിയിച്ച് 20 ദിവസത്തിനകം യുഎസ് ഇറക്കുമതിക്കുമേല്‍ തീരുവ നടപ്പിലാക്കുമെന്നാണ് ഇന്ത്യ അറിയിച്ചതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു.
വിജ്ഞാപനത്തിലൂടെ ഡബ്ല്യുടിഒയെ വിവരം അറിയിച്ച് 30 ദിവസം കഴിയുന്നതോടെ ഇളവുകള്‍ അവസാനിപ്പിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. ഈ ഇളവ് നിര്‍ത്തലാക്കുന്നതോടെ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്നതിന് തുല്യമായ തീരുവ പിരിച്ചെടുക്കുമെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് മേയ് ഒമ്പതിനാണ് ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയതെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുഎസുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്കായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം പുറപ്പെടാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഈ നീക്കം. യുഎസിന്റെ വിദേശ വ്യാപാര വികസന, നയരൂപീകരണ ഏജന്‍സി തലവന്‍ (യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ്) ജെയിംസന്‍ ഗ്രീറുമായും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാക്ക് ലുറ്റ്‌നിക്കുമായും മന്ത്രി പിയൂഷ് ഗോയല്‍ മേയ് 17ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപോര്‍ട്ട്.