ന്യൂദൽഹി- കശ്മീരിലെ പഹൽഗാം വിനോദസഞ്ചാര കേന്ദ്രത്തിൽ 26-പേരെ വെടിവെച്ചു കൊന്ന ഭീകരരുടെ ക്രൂരമായ നടപടിയിൽ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കൈമാറ്റ കരാർ ഇന്ത്യ റദ്ദാക്കി. ന്യൂദൽഹിയിലിലുള്ള പാകിസ്ഥാൻ പ്രതിരോധ സൈനിക നാവിക, വ്യോമ ഉപദേഷ്ടാവിനെ ഇന്ത്യ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു.. ഇവർ ഒരാഴ്ച്ചക്കകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
(പേഴ്‌സൺ നോൺ ഗ്രാറ്റ എന്നത് ആതിഥേയ രാജ്യം അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചുവിളിക്കാൻ ആവശ്യപ്പെടുന്ന വിദേശ നയതന്ത്രജ്ഞനാണ്. ആവശ്യപ്പെട്ട പ്രകാരം വ്യക്തിയെ തിരിച്ചുവിളിച്ചില്ലെങ്കിൽ, ആതിഥേയ രാഷ്ട്രം ബന്ധപ്പെട്ട വ്യക്തിയെ നയതന്ത്ര ദൗത്യത്തിലെ അംഗമായി അംഗീകരിക്കില്ല).
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55-ൽനിന്ന് 30 ആയി ചുരുക്കാനും തീരുമാനിച്ചു. പാക്കിസ്ഥാനിലേക്കുള്ള സാർക്ക് വിസ റദ്ദാക്കിയ ഇന്ത്യ വാഗ-അട്ടാരി അതിർത്തികൾ അടയ്ക്കാനും തീരുമാനിച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ നാളെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഴുവൻ കക്ഷികളുമായും സംസാരിക്കും.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പ്രതിരോധ/നാവിക/വ്യോമ ഉപദേഷ്ടാക്കളെ പിൻവലിക്കും. രണ്ട് ഹൈക്കമ്മീഷനുകളിൽ നിന്നും സർവീസ് ഉപദേഷ്ടാക്കളുടെ അഞ്ച് സപ്പോർട്ട് സ്റ്റാഫുകളെ പിൻവലിക്കും.