ശ്രീനഗർ– പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയ ഇന്ത്യ കശ്മീരിലെ ഹിമാലയന്‍ മേഖലയില്‍ രണ്ട് ജലവൈദ്യുത അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെള്ളത്തിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. 1960ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറിനെ മൂന്ന് യുദ്ധങ്ങളും മറ്റ് നിരവധി തര്‍ക്കങ്ങളുണ്ടായിട്ടും ഉടമ്പടി ലംഘിക്കുന്ന ഒന്നും ഇന്ത്യ ചെയ്തിരുന്നില്ല.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയത്. 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമണം നടത്തിയവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളായിരുന്നു. സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയ ഇന്ത്യ പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ തടയാന്‍ ശ്രമിക്കുന്നത് യുദ്ധ സമാന പ്രവര്‍ത്തിയായി കാണുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കരാര്‍ റദ്ദാക്കിയതിനെതിരെ അന്താരാഷ്ട്ര നിയമനടപടി സ്വീകരിക്കുമെന്നും പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ എന്‍.എച്ച്.പി.സി ലിമിറ്റഡ് സംഭരണിയിലെ തടസങ്ങല്‍ നീക്കം ചെയ്യുന്ന പ്രവൃത്തി മെയ് ഒന്നിന് തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ സംഭരണിയില്‍ നടക്കുന്ന പ്രവൃത്തി പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയില്ല, പക്ഷെ ഭാവിയില്‍ ബാധിച്ചേക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭരണി നവീകരിക്കുന്നതോടെ വൈദ്യുതി ഉല്‍പാദനം കൂടുമെങ്കിലും ഡാമില്‍ അടിഞ്ഞു കൂടിയവ നീക്കം ചെയ്യാന്‍ റിസര്‍വോയറിലെ വെള്ളം തുറന്ന് വിടേണ്ടി വരും. ചെനാബ് നദിയുടെ തീരത്ത് താമസിക്കുന്നവര്‍ മെയ് ഒന്ന് മുതല്‍ മൂന്ന് വരെ വെള്ളം തുറന്നുവിട്ടത് ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചു.
ഉടമ്പടി പ്രകാരം പാകിസ്ഥാന് അനുവദിച്ച മൂന്ന് നദികളില്‍ കാര്യമായ സംഭരണമില്ലാത്ത ജലവൈദ്യുത നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമേ ഇന്ത്യക്ക് അനുവാദമുണ്ടായിരുന്നുള്ളു. കരാറില്‍ നിന്ന് പിന്മാറിയതിനാല്‍ ഇനി ഇന്ത്യക്ക് സ്വതന്ത്രമായി പദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്ന് സിന്ധു നദീജല തര്‍ക്കങ്ങളില്‍ വ്യാപകമായി ഇടപെട്ടിരുന്ന മുന്‍ കേന്ദ്ര ജല കമ്മീഷന്‍ തലവന്‍ കുല്‍വീന്ദര്‍ വോറ അറിയിച്ചു.