ന്യൂ ഡൽഹി- ‘വോട്ട് ചോരി’ വിവാദത്തിന് പിന്നാലെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ഇന്ത്യ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻ്റ് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് രാവിലെ പാർലമെന്റിൽ നടന്ന നേതാക്കളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്തത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇതിനെ നിഷേധിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ രംഗത്ത് വന്നിരുന്നു. ഏഴ് ദിവസത്തിനകം രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം സമർപ്പിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അസാധുവായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇംപീച്ച്മെന്റ് നോട്ടിസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യപടി. രാജ്യസഭയിൽ ചുരുങ്ങിയത് 50 അംഗങ്ങളുടെയും ലോക്സഭയിൽ 100 അംഗങ്ങളുടെ ഒപ്പ് വേണം ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകാൻ. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ പറ്റൂ. രണ്ടു സഭയിലും ഇതിനേക്കാൾ കൂടുതൽ അംഗങ്ങൾ ഉള്ളത് പ്രതിപക്ഷത്തിന് ഏറെ ഗുണം ചെയ്യും. നോട്ടീസിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്‌പീക്കർക്കാണ്.