ന്യൂദൽഹി- സൗദി അറേബ്യയിലെ ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട പാസഞ്ചർ വിമാനത്തെ കവചമായി പാക് സൈന്യം ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇന്ത്യ. ഇന്ന് ദൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സൈന്യവും ഇക്കാര്യം പറഞ്ഞത്.
ഇന്നലെ രാത്രി ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുന്നതിനിടെ വാണിജ്യ വിമാനക്കമ്പനികളെ കവചമായി പാക്കിസ്ഥാൻ ഉപയോഗിച്ചുവെന്ന് ഇന്ത്യ പറഞ്ഞു. ദമാമിൽനിന്ന് പുറപ്പെട്ട വിമാനത്തെയാണ് കവചമായി ഉപയോഗിച്ചത്. ഇന്ത്യക്കെതിരായ ഡ്രോൺ ആക്രമണം നടക്കുന്ന സമയത്ത് പറക്കുന്ന വാണിജ്യ വിമാനക്കമ്പനികൾക്ക് ആകാശപാത തുറന്നുകൊടുക്കുകയാണ് പാക്കിസ്ഥാൻ ചെയ്തതെന്ന് വിമാനത്തിന്റെ ചിത്രം പങ്കുവെച്ച് കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

-ലേ മുതൽ സർ ക്രീക്ക് വരെ പാകിസ്ഥാനിൽ നിന്നുള്ള 300-400 ഡ്രോണുകൾ ഇന്ത്യയെ ആക്രമിച്ചുവെന്നും സോഫിയ ഖുറേഷി പറഞ്ഞു. ഡ്രോൺ അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചുവെന്നും സോഫിയ ഖുറേഷി പറഞ്ഞു.