ന്യൂഡൽഹി– ഇസ്രായിൽ വംശീയതക്കും കിരാത കൊലപാതകങ്ങൾക്കുമെതിരെ ജീവിതം കൊണ്ട് സമരം ചെയ്ത് തെളിയിച്ച സ്വാത്വികനായ ഇന്ത്യൻ പ്രൊഫസർ വീണ്ടും ഫലസ്തീൻ ജനതക്കായി ഉപവാസവുമായി രംഗത്ത്, അതും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ.
വെറുപ്പും വിദ്വേഷവും വർഗീയതും അനുദിനം ബോധപൂർവ്വം പടർത്താൻ ശ്രമിക്കുന്ന ഈ കാലത്ത് ഗാന്ധിയനായ മുൻ ഐഐടി പ്രൊഫസർ വികെ ത്രിപാഠിയാണ് നോമ്പ് എടുക്കുന്നത്.
ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ഉന്മൂലന യുദ്ധത്തിനെതിരെ ആണ് തന്റെ ഉപവാസമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇസ്രായിൽ ഫലസ്തീനെതിരെ നടത്തുന്ന ക്രൂരതക്കെതിരെ അന്താരാഷ്ട്രാ സമൂഹത്തിലെ പലരുടെയും മൗനം ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി തിരിച്ചറിയാൻ അദ്ദേഹം പ്രേരിപ്പിക്കുന്നു. “ഇത് ഒരു രാജ്യത്തിന് വേണ്ടി മാത്രം അനുഷ്ഠിക്കുന്ന ഉപവാസമല്ല, ലോകത്ത് അടിച്ചമർത്തപ്പെടുന്ന എല്ലാ ആളുകൾക്കും വേണ്ടിയാണ്.”- വികെ ത്രിപാഠി പറഞ്ഞു. മകളും ഐ ഐ ടി അധ്യാപികയുമായ രാഖി ത്രിപാഠിയുടെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്.
സമാധാന സന്ദേശ വാഹകൻ
1990 മുതലാണ് ത്രിപാഠി രാജ്യവ്യാപകമായി ജനങ്ങളിലേക്കിറങ്ങി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ആരംഭിച്ചത്. 77 വയസ്സുകാരനായ ഇദ്ദേഹം പ്രായം പോലും വകവെക്കാതെ കഴിഞ്ഞ 35 വർഷത്തോളമായി തന്റെ സമാദാന ദൗത്യവുമായി മുന്നേറുകയാണ്. തന്റെ സന്ദേശത്തിനെതിരെ പ്രവർത്തിക്കുന്നവരോട് പോലും സൗമ്യമായി സ്നേഹത്തെയും സാഹോദര്യത്തെയും കുറിച്ച് ലളിതമായി സംവദിക്കുക എന്നതാണ് ത്രിപാഠിയുടെ ശൈലി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ‘റൈസ് ടു ചേഞ്ച്’ എന്ന ക്യാമ്പയിനിലൂടെ വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സർക്കാരുകളുടെ നയരൂപീകരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചും അദ്ദേഹം ഇടപെടുന്നു. തീവ്ര വലതുപക്ഷ വിഭാഗം രാജ്യത്ത് നടപ്പിലാക്കുന്ന മതരാഷ്ട്ര സങ്കൽപത്തെ പൂർണമായി തള്ളിക്കളഞ്ഞ് മനുഷ്യത്വം തിരികെ കൊണ്ടുവരണമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇസ്രായേലിനും അമേരിക്കക്കുമെതിരെ നിലപാടെടുത്ത് ജോലി ഉപേക്ഷിച്ചയാൾ
1948 മാർച്ച് 11ന് ഉത്തർപ്രദേശിലെ ജാൻസിയിൽ ആണ് ജനനം. മഹാത്മാ ഗാന്ധി ആശയത്തെ പിന്തുടർന്ന സ്വാതന്ത്ര്യസമര സേനാനിയായ പിതാവ് ഹർദാസ് ശർമയിൽ നിന്നാണ് അഹിംസയുടെ പാതയിലേക്ക് ത്രിപാഠി ആകൃഷ്ഠനാവുന്നത്. ഗാന്ധിയൻ തത്വങ്ങളായ അഹിംസയും മതേതരത്വവും അദ്ദേഹത്തിന്റെ ജീവിതത്തെയും സ്വാധീനിച്ചു. ആഗ്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റേഴ്‌സും ഐഐടി ഡൽഹിയിൽ നിന്ന് പിഎച്ച്ഡിയും നേടിയ ത്രിപാഠി, 1970ലാണ് ഡൽഹിയി ഐഐടി പ്രൊഫസറായി സേവനം ആരംഭിക്കുന്നത്.


1976-ൽ മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിച്ച ത്രിപാഠി, 1982ൽ ഇസ്രായേലിന്റെ ലെബനൻ ആക്രമണത്തെ അമേരിക്ക പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 1989ൽ ഏകദേശം 950ഓളം ആളുകളെ ജീവനെടുത്ത ഭഗത്പൂർ കലാപശേഷമാണ് അദ്ദേഹം സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഘുലേഖകളുമായി ഇറങ്ങിത്തിരിച്ചത്.
ദിവസവും 10 മുതൽ 12 കിലോമീറ്റർ വരെ നടന്ന് 1000 ലഘുലേഖകളോളം വിതരണം ചെയ്യുന്ന അദ്ദേഹം സാധാരണക്കാരോടാണ് കൂടുതലും സംവദിക്കുന്നത്. ഇതിൽ വഴിയോര കച്ചവടക്കർ, തൊഴിലാളികൾ വിദ്യാർത്ഥികൾ, കർഷകർ എന്നിവരും ഉൾപ്പെടും. 2020-ലെ ഡൽഹി കലാപം നടന്ന ശിവ് വിഹാർ, ജാഫ്രാബാദ് പോലുള്ള പ്രദേശങ്ങളിൽ അദ്ദേഹം ലഘുലേഖകളുമായി കടന്നു ചെന്നിട്ടുണ്ട്.ആർഎസ്എസ് ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്നും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 79ാം സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനിടെ വംശീയ ഉന്മൂലനം നേരിടുന്ന, പട്ടിണി കാരണം പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ചു വീഴുന്ന ഇസ്രായിലിന്റെ ക്രൂരകൃത്യങ്ങൾക്കെതിരെ ഉപവാസമിരിക്കുന്നതിനേക്കാൾ വലിയ എന്ത് സന്ദേശമാണ് ലോകത്തിന് കൊടുക്കാനുള്ളതെന്ന് മാതൃകാ അധ്യാപകനായ ഈ പൊതുപ്രവർത്തകൻ ചോദിക്കുന്നു.