ന്യൂ ഡൽഹി– രാജ്യത്ത് ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024-ൽ സൈബർ കുറ്റവാളികളെക്കൊണ്ടും തട്ടിപ്പുകാരെക്കൊണ്ടും ഇന്ത്യയ്ക്ക് നഷ്ടമായത് 22,842 കോടി രൂപയാണെന്നാണ് ഡൽഹി ആസ്ഥാനമായുള്ള മീഡിയ ആൻഡ് ടെക് കമ്പനിയായ ഡാറ്റലീഡ്‌സിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഈ വർഷം സൈബർ കുറ്റകൃത്യങ്ങൾ മൂലം ഇന്ത്യക്കാർക്ക് 1.2 ലക്ഷം കോടി നഷ്ടമായേക്കാമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും പറഞ്ഞു. ഇത് 2024-ൽ നഷ്ടപ്പെട്ട തുകയേക്കാൾ ഗണ്യമായ വർധനവാണെന്ന് ഡാറ്റലീഡ്‌സിന്റെ റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം സൈബർ തട്ടിപ്പുകാർ മോഷ്ടിച്ച തുക 2023 ലെ 7,465 കോടി രൂപയേക്കാൾ മൂന്നിരട്ടിയും 2022 ലെ
2,306 കോടി രൂപയേക്കാൾ 10 മടങ്ങും കൂടുതലാണെന്ന് ഡാറ്റാലീഡ്സ് പറയുന്നു.
സൈബർ ക്രൈം പരാതികളുടെ എണ്ണവും സമാനമായി വർദ്ധിച്ചു. 2024 ൽ ഏകദേശം ഇരുപത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019 ൽ രേഖപ്പെടുത്തിയതിനേക്കാൾ പത്തിരട്ടി കൂടുതലാണിത്.
ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗത്തിലെ വർദ്ധനവ് സൈബർ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. 2025 ജൂണിൽ ഇന്ത്യയിൽ 19 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ 2013 ലെ 162 കോടിയിൽ നിന്ന് 2025 ജനുവരിയിൽ 18,120.82 കോടിയായി വളർന്നു. ലോകത്തിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ പകുതിയോളവും ഇപ്പോൾ ഇന്ത്യയിലാണ്.
പകർച്ചവ്യാധിയും ലോക്ക്ഡൗണുകളും ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് മാറുന്നതിന് പ്രധാന കാരണമായി. സാമൂഹിക അകലം ഉറപ്പാക്കുന്നതിനും കറൻസി നോട്ടുകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനുമായി സർക്കാർ യുപിഐ ആപ്പുകളെ പ്രോത്സാഹിപ്പിച്ചിരുന്നു.