വോട്ടു മോഷണം എന്ന പേരിൽ രാഹുൽ ഗാന്ധി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ.
2014 മുതൽ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നതായി സംശയം തോന്നിയതോടെയാണ് രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു പിന്നീട് തന്റെ അന്വേഷണത്തിൽ അദ്ദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് 5 മാസം കൊണ്ട് ചേർത്തത് അഞ്ച് വർഷം ചേർത്തതിനേക്കാൾ കൂടുതൽ വോട്ടേഴ്‌സിനെയാണെന്ന് അദ്ദേഹം പറയുന്നു. മൊത്തം മുതിർന്നവരുടെ ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാരായിരിക്കും ഇത്. വൈകുന്നേരം 5 മണി കഴിഞ്ഞപ്പോൾ പോളിങ് കുതിച്ചുയർന്നു. കൂടാതെ, മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വോട്ടർപ്പട്ടിക ആവശ്യപ്പെട്ട് 4 തവണയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയത്. എന്നാൽ, വോട്ടർപ്പട്ടിക കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മടിച്ചു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. അങ്ങനെയാണ് ഇത് അന്വേഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത്.
കർണാടക തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പ്രതീക്ഷിച്ചതിലും സീറ്റ് കുറയാൻ കാരണം ലീഡ് കുറഞ്ഞ മണ്ഡലത്തിൽ കള്ള വോട്ട് നടന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി. ഈ മണ്ഡലത്തിൽ 1,00250 കള്ള വോട്ടുകൾ ചേർത്തതായി രാഹുൽ ഗാന്ധി കണക്കുകൾ നിരത്തി വ്യക്തമാക്കി. കർണാടക മഹാദേവപുരം മണ്ഡലത്തിൽ വോട്ടേഴ്‌സ് ലിസ്റ്റ് വിശകലനം ചെയ്തപ്പോൾ ഒരു ഇലക്ഷനിൽ തന്നെ വ്യത്യസ്ത പേരുകളിലും അഡ്രസ്സുകളിലുമായി വോട്ടിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 11,965 പേരാണ്. വ്യാജ അഡ്രസ്സുകളിൽ 40,009 വോട്ടർ ഐഡികളും കണ്ടെത്തി. ഒരേ അഡ്രസ്സിൽ തന്നെയുള്ള 10,452 വോട്ടർ ഐഡികളുമുൾപ്പെടെ നിരവധി തട്ടിപ്പുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഒരു വ്യക്തി തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള തരത്തിലുള്ള 11 ,965 കേസുകളും കണ്ടെത്തി.
33,000 ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബിജെപി 25 ലോക്സഭാ സീറ്റുകൾ നേടിയത്. 2024 ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി മോദിക്ക് 25 സീറ്റുകൾ മോഷ്ടിച്ചാൽ മതിയായിരുന്നു. അതുകൊണ്ടാണ് കമ്മീഷൻ ഞങ്ങൾക്ക് ഡിജിറ്റൽ വോട്ടർപ്പട്ടിക നൽകാതിരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കാൻ ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിൽക്കുന്നതായി തെളിവുകൾ നിരത്തി അദ്ദേഹം ആരോപിച്ചു.